antony-raju

തിരുവനന്തപുരം: അംഗപരിമിതിയുള്ള യാത്രക്കാർക്കുള്ള പാസ് അനുവദിക്കുന്നതിലെ പരിധിയിയിൽ മാറ്റം വരുത്തി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 45 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കും ഇനി മുതൽ യാത്രാ പാസ് ലഭിക്കും. നിലവിൽ 50 ശതമാനം അംഗപരിമിതി ഉള്ളവർക്ക് മാത്രമാണ് ബസ് പാസ് നൽകി വരുന്നത്.

കണ്ണൂർ ജില്ലയിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പ്രകാരമാണ് ബസ് പാസ് നൽകുന്ന നടപടി കൂടുതൽ സുതാര്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. അദാലത്തിൽ തളിപ്പറമ്പ് സ്വദേശിനി സല്‍മാബി തന്റെ ഭർത്താവിന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. സൽമാബിയുടെ ഭർത്താവായ ഫിറോസ് ഖാൻ പക്ഷാഘാതത്തെ തുടർന്ന് 2017 മുതൽ ശരീരം തളർന്ന നിലയിലാണ്. പരസഹായമില്ലാതെ സഞ്ചരിക്കാനാകാത്ത ഫിറോസ് ഖാന് വേണ്ടി ഭാര്യ കഴിഞ്ഞ ഒന്നര വർഷമായി അപേക്ഷ സമർപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു.കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന അദാലത്തിൽ പരാതി മന്ത്രിയ്ക്ക് നേരിട്ട് കൈമാറിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.

പുതിയ തീരുമാനം നടപ്പിൽ വരുന്നതോടെ സംസ്ഥാനത്തിലെ നിരവധിപ്പേർക്ക് ഫലം ലഭിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.