
ടെഹ്റാൻ: ഇറാനിലെ മത പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ മഹ്സ അമിനിയുടെ മരണത്തിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ വിവരം പുറത്തു വിട്ട് ആംനസ്റ്റി ഇന്റർനാഷണൽ. ചുരുങ്ങിയത് 23 കുട്ടികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ 11 വയസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം.
മതനിയമപ്രകാരമുള്ള ശിരോവസ്ത്രം ധരിക്കുന്നതിന്റെ ഭാഗമായാണ് 22-കാരിയായ മഹ്സ അമിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ യുവതി മരണപ്പെട്ടതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇറാൻ ജനത പ്രതിഷേധിച്ച് തെരുവിലിറങ്ങുക ആയിരുന്നു. കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങളാണ് പുറത്തു വിട്ടതെന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ വ്യക്തമാക്കുന്നത്. 11നും 17നും ഇടയിലുള്ള 20 ആൺകുട്ടികളും 11നും 20നും ഇടയിൽ പ്രായമുള്ല മൂന്ന് പെൺകുട്ടികളുമാണ് ഈ കാലയളവിൽ മരണപ്പെട്ടത്. ഒക്ടോബർ മാസത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ റിപ്പോർട്ടിലില്ലെന്ന് ആംനസ്റ്റി വിശദമാക്കി.
മൂന്നാഴ്ചയായി ഇറാനിൽ അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ കുറഞ്ഞത് 201 പേർ മരിച്ചെന്ന് നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ഇതിൽ 23 കുട്ടികളും ഉൾപ്പെടുന്നു. തെക്ക് കിഴക്കൻ നഗരമായ സഹേദാനിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച 93 പേരും മരണ സംഖ്യയിൽ ഉൾപ്പെടുന്നതായി സംഘടന പ്രസ്താവനയിൽ അറിയിച്ചു. ഇറാനിയൻ സ്കൂളുകളിലും തെരുവുകളിലും പ്രതിഷേധിച്ച കുട്ടികളെ പോലും സേന അറസ്റ്റ് ചെയ്യുന്നു. ഇവരുടെ കൃത്യമായി കണക്ക് ലഭ്യമല്ല. അതേ സമയം, ലഭ്യമായ കണക്കുകളേക്കാൾ കൂടുതൽ പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംഘടന പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരെ ജയിലിന് പകരം ഒരു സൈകാട്രിക് സെന്ററിലേക്ക് മാറ്റുന്നതായും അനൗദ്യോഗിക ഉറവിടങ്ങളിൽ നിന്ന് റിപ്പോർട്ടുണ്ട്.
അതേ സമയം സർക്കാരിനെതിരെയുള്ള പ്രക്ഷോഭങ്ങൾ ശത്രുക്കൾ മെനഞ്ഞെടുത്ത ചിതറിത്തെറിച്ച കലാപങ്ങളാണെന്ന് ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ആരോപിച്ചു. ഇറാനിലെ മഹത്തായതും നൂതനവുമായ സംഭവവികാസങ്ങൾക്കും മാറ്റങ്ങൾക്കും എതിരായാണ് ശത്രുക്കൾ ഇത് രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഖമനേയി പറഞ്ഞു.