snake

ഈ കാലത്ത് ഷൂസ് ധരിക്കാത്തവരായി ആരാണുള്ളത്. ധരിക്കുന്ന വസ്ത്രത്തിന്റെ കൂടെ നല്ലൊരു ജോഡി ഷൂസ് കൂടി ധരിക്കുമ്പോഴായിരിക്കും പലർക്കും വേഷവിധാനത്തിൽ പൂർണത തോന്നുന്നത്. എന്നാൽ ഷൂസ് ജീവിതചര്യയുടെ ഭാഗമായവർ നിർബന്ധമായും ശ്രദ്ധിച്ചിരിക്കേണ്ട കാര്യം ഓർമപ്പെടുത്തുന്ന ഒരു വീഡിയോ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പുറത്ത് പോകുമ്പോൾ എന്നും ചെയ്യാറുള്ളത് പോലെ ഷൂസ് ധരിക്കാൻ ശ്രമിച്ചതാണ് കർണാടകയിലെ മൈസൂരുവിൽ നിന്നുള്ള യുവാവ്. എന്നാൽ തന്റെ ഷൂസിനുള്ളിൽ ആരുമറിയാതെ പതുങ്ങിയിരുന്ന അതിഥിയെ കണ്ട് യുവാവും സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നപ്പോൾ സോഷ്യൽ മീഡിയയും ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. വീടിനുള്ലിൽ നിന്ന് ഷൂസ് ധരിക്കാൻ ശ്രമിക്കുമ്പോഴാണ് അകത്ത് എന്തോ അനങ്ങുന്നതായി യുവാവ് ശ്രദ്ധിച്ചത്. ഷൂസിന് ഉള്ളിലുളളത് പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ പാമ്പ് പിടുത്തക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി ഷൂസിൽ തട്ടിയപ്പോഴാണ് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് ഉള്ളിൽ നിന്നും പത്തി വിടർത്തിയത്.

Shocking video of cobra #snake in Mysore, Karnataka hiding inside the shoe.
#ViralVideo #Cobra #Rescued #Shoes #Karnataka pic.twitter.com/rJmVN5W1ne

— Bharathirajan (@bharathircc) October 10, 2022

പാമ്പിനെ വൈകാതെ തന്നെ പിടികൂടി ബാഗിനുള്ളിലാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഭാരതിരാജൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതോടെ നിരധിപ്പേരാണ് കണ്ടത്. ദിനം പ്രതി ഷൂസ് ധരിക്കുന്നവർ അകത്ത് ഇഴജന്തുക്കൾ ഉണ്ടോയെന്ന് നിർബന്ധമായും പരിശോധിക്കണമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. കൂടാതെ വീഡിയോയിലുള്ള യുവാവ് ഇനി അടുത്തെങ്ങാനും ഷൂസ് ധൈര്യമായി ധരിക്കുമോ എന്ന് ചോദിക്കുന്നവരും കൂട്ടത്തിലുണ്ട്.

അടുത്തിടെ കർണാടകയിലെ തന്നെ ശിവമോഗയിൽ നടന്ന സംഭവത്തിൽ പാമ്പിനെ ചുംബിക്കാൻ ശ്രമിച്ച പാമ്പ് പിടിത്തക്കാരന് ചുണ്ടിൽ മൂർഖന്റെ കടിയേറ്റിരുന്നു.