
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സർക്കാർ പരിഗണിക്കുന്നതിനായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹരസമരം നടത്തുന്ന സാമൂഹ്യ പ്രവർത്തക ദയാ ബായിയെ പൊലീസ് വീണ്ടും ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. മുന്നോട്ട് വെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തത് കൊണ്ട് രണ്ടാഴ്ചയായി തുടർന്ന് വരുന്ന നിരാഹാര സമരം മൂലം ദയാ ബായി അതീവ ക്ഷീണിതയാണെന്നും അവരെ മരണത്തിലേയ്ക്ക് തള്ളിവിടില്ലെന്നും സമരസമിതി പ്രതികരിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇതിന് മുൻപും രണ്ട് തവണ ദയാ ബായിയെ പൊലീസ് ഇടപെട്ട് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. അപ്പോഴെല്ലാം ആശുപത്രിയിൽ തുടരാൻ കൂട്ടാക്കാത്ത ദയാ ബായി തിരികെ സമരപന്തലിലേയ്ക്ക് തന്നെ മടങ്ങുക ആയിരുന്നു.
എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍ഗോഡിനേയും ഉൾപ്പെടുത്തുക എന്നിവയായിരുന്നു സമര സംഘാടക സമിതി ഉന്നയിച്ച ആവശ്യങ്ങൾ. സർക്കാർ ഈ ആവശ്യങ്ങൾക്കെതിരെ കണ്ണടക്കുന്നു എന്ന് ആരോപിക്കുന്ന സമരസമിതി പ്രതിഷേധവുമായി ചൊവ്വാഴ്ച ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും. അതേ സമയം കാസർഗോഡിന്റെ ആരോഗ്യ പരിമിതികളിൽ സർക്കാർ ഫലവത്തായി ഇടപെടാത്തതിനാൽ എൻഡോസൾഫാൻ ബാധിതരും അമ്മമാരും തലസ്ഥാനത്ത് എത്തിച്ചെരുമെന്നും സമരസമിതി അറിയിച്ചു.