
മോസ്കോ: റഷ്യയെ സൈനികമായി നേരിടാൻ നാറ്റോ സൈന്യത്തെ അയച്ചാൽ ആഗോള വിപത്തായിരിക്കും ഫലമെന്ന് വ്ളാഡിമർ പുടിൻ. ആണവായുധ ഭീഷണി ഇടയ്ക്കിടെ ആവർത്തിക്കുന്നതിനിടയിലായിരുന്നു ലോകമാഹായുദ്ധ സാദ്ധ്യത സൂചന നൽകുന്ന പുതിയ പരാമർശം റഷ്യൻ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
ഖസാക്കിസ്ഥാന്റെ തലസ്ഥാനനഗരിയായ അസ്താനയിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിനിടയിലായിരുന്നു പുടിൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഏതെങ്കിലും സാഹചര്യത്തിൽ നാറ്റോയുടെ സൈന്യം റഷ്യൻ സൈനികരുമായി നേരിട്ട് സംഘർഷത്തിലേർപ്പെട്ടാൽ അതിന്റെ ഫലം വളരെ വിനാശകരവും ലോകവിപത്തിലേയ്ക്ക് നയിക്കുന്നതുമായിരിക്കും, ഇത്തരം ഒരു സാഹര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അത് നടപ്പിലാക്കാതിരിക്കാൻ വിധം സമർത്ഥരാണെന്ന് കരുതുന്നു' പുടിൻ പറഞ്ഞു.
റഷ്യ ഹിത പരിശോധനയിലൂടെ കൂട്ടിച്ചേർത്ത നാല് പ്രവിശ്യകൾ സംരക്ഷിക്കാൻ വേണ്ടി വന്നാൽ ആണവായുധം വരെ ഉപയോഗിക്കുമെന്ന് പുടിൻ അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ റഷ്യ ലോകസമാധനത്തിന് തുരങ്കം വെയ്ക്കുന്ന തരത്തിൽ രാസ, ജൈവ, ആണവായുധങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രയോഗിക്കുകയാണെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ജി7 രാഷ്ട്രതലവൻമാർ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി.