
കോഴിക്കോട്: ബി ജെ പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ പേരാമ്പ്ര പാലേരിയിലാണ് സംഭവം. ബി ജെ പി പ്രവർത്തകനായ ശ്രീനിവാസന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറിൽ വീടിന് തകരാർ സംഭവിച്ചു.
ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സി പി എം- ബി ജെ പി സംഘർഷം നിലനിൽക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് പൊലീസിന്റെ പിക്കറ്റ് പോസ്റ്റ് ഉണ്ടായിരുന്നിടത്താണ് ആക്രമണം നടന്നത്. സംഭവത്തിൽ വീടിന്റെ ജനൽച്ചില്ല് തകർന്നു.ബൈക്കിലെത്തിയ ആളുകൾ കൃത്യം നടത്തുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ കണ്ടെത്താനായിട്ടില്ല.
അതിനിടെ, കോഴിക്കോട് കക്കൊടിയിൽ ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. സ്ഥലത്തർക്കത്തിന്റെ പേരിലായിരുന്നു പ്രതിമയ്ക്ക് നേരെ അതിക്രമം. ഗാന്ധി പീസ് ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല അടിച്ചുതകർക്കുകയായിരുന്നു. സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നാണ് വിവരം.