
ലക്നൗ : അലിഗഡിലെ ക്ഷേത്രത്തിൽ മുസ്ലീങ്ങൾ ഹനുമാൻ ചാലിസ ചൊല്ലുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിവാദവും തലപൊക്കി. ക്ഷേത്രത്തിൽ മുസ്ലീം മത വിശ്വാസികളോട് ഹനുമാൻ ചാലിസ ചൊല്ലാൻ അഖില ഭാരതീയ ഹിന്ദു സേന നേതാവ് നിർബന്ധിച്ചു എന്നതാണ് വിവാദമുയരാൻ കാരണം. എന്നാൽ താൻ ആരെയും നിർബന്ധിപ്പിച്ചിട്ടില്ലെന്നും ഹനുമാൻ ചാലിസ ചൊല്ലാൻ പ്രേരിപ്പിക്കുകയാണുണ്ടായതെന്നും അഖില ഭാരതീയ ഹിന്ദു സേനയുടെ ജില്ലാ പ്രസിഡന്റ് സച്ചിൻ വർമ പറഞ്ഞു.
കുട്ടികളുൾപ്പടെ ആറോളം പേർ ക്ഷേത്രത്തിലിരുന്നു ഹനുമാൻ ചാലിസ ചൊല്ലുന്ന വീഡിയോയാണ് വൈറലായത്. സച്ചിൻ വർമ മുസ്ലീങ്ങളോട് ക്ഷേത്രത്തിൽ വച്ച് ഹനുമാൻ ചാലിസ ചൊല്ലാൻ ആവശ്യപ്പെട്ടുവെന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. 'ഞാൻ അഖില ഭാരതീയ ഹിന്ദു സേനയുടെ ജില്ലാ പ്രസിഡന്റാണ്, സനാതൻ ധർമ്മത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഹനുമാൻ ചാലിസ ജപിക്കാൻ ഞാൻ വിവിധ സമുദായങ്ങളിൽ നിന്നുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അങ്ങനെ ചെയ്യാൻ നിർബന്ധിതരല്ല. ഹനുമാൻ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ മറ്റ് സമുദായങ്ങളിലെ ആളുകളെ ഞാൻ പ്രേരിപ്പിച്ചു' ഇങ്ങനെയാണ് ഒരു ദേശീയ മാദ്ധ്യമത്തിനോട് ഈ വിഷയത്തിൽ സച്ചിൻ വർമ പ്രതികരിച്ചത്.
അതേസമയം അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ സുന്നി തിയോളജി വിഭാഗം മുൻ മേധാവി ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. ആർക്കും വേണമെങ്കിൽ ഹനുമാൻ ചാലിസ വായിക്കാമെന്നും എന്നാൽ മറ്റ് സമുദായങ്ങളിൽ നിന്നുള്ള ആളുകളെ അങ്ങനെ ചെയ്യാൻ നിർബന്ധിക്കുന്നുവെങ്കിൽ, അത് ഭരണഘടന പ്രകാരം തെറ്റാണെന്നും മുഫ്തി സാഹിദ് അലി ഖാൻ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാരണാസിയിലെ ഒരു ക്ഷേത്രത്തിൽ വിദേശികൾ ഹനുമാൻ ചാലിസ ചൊല്ലുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.