
തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി തിരുവനന്തപുരത്ത് ഏഷ്യാകപ്പ് ട്രാക്ക് സൈക്ളിംഗ് ചാമ്പ്യൻഷിപ്പ് വരുന്നു.അടുത്ത മാസം 25,26,27 തീയതികളിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ വെലോഡ്രാമിലാണ് ഇരുപതോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് നടക്കുക. പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നായി 200ലധികം താരങ്ങൾ പങ്കെടുക്കും.
ഏത് കായിക ഇനത്തിലും ഇത്രത്തോളം രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ഒരു അന്താരാഷ്ട്ര ടൂർണമെന്റ് കേരളത്തിൽ നടക്കുന്നത് ഇതാദ്യമാണ്. സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് കേരള സൈക്ളിംഗ് അസോസിയേഷൻ ഏഷ്യാകപ്പ് നടത്താനൊരുങ്ങുന്നത്. ഇതിനായി വെലോഡ്രാം നവീകരണവും ഫ്ളഡ്ലിറ്റ് സ്ഥാപിക്കലും ഉൾപ്പടെയുള്ള നവീകരണപ്രവൃത്തികൾക്ക് സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയും സഹകരണമുണ്ടാകുമെന്ന് സംസ്ഥാന സൈക്ളിംഗ് അസോസിയേഷൻ പ്രസിഡന്റ് എസ്.എസ് സുധീഷ് കുമാറും ഓണററി സെക്രട്ടറി ജയപ്രസാദും കേരള കൗമുദിയോട് പറഞ്ഞു.
ഏഷ്യാകപ്പ് തിരുവനന്തപുരത്ത് നടത്തുന്നതിന് കായികമന്ത്രി വി.അബ്ദുറഹ്മാന്റെ പിന്തുണയും അസോസിയേഷനുണ്ട്.മറ്റ് വകുപ്പുകളും ടൂർണമെന്റിന്റെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിക്കും. ഇതിനായി വ്യാഴാഴ്ച വിപുലമായ സംഘാടക സമിതിയോഗം ചേരുന്നുണ്ട്.