
മുംബയ് : വീട്ടിൽ പേരക്കുട്ടികളെ നോക്കേണ്ടതുള്ളതിനാൽ താൻ പ്രതിനിധീകരിക്കുന്ന മഥുര മണ്ഡലത്തിലേക്ക് എപ്പോഴും തിരക്കിട്ട് പോകാൻ തനിക്ക് കഴിയില്ലെന്ന് ഹേമമാലിനി. ബോളിവുഡ് നടിയും ബി ജെ പി നേതാവുമായ ഹേമമാലിനിയാണ് 2014 മുതൽ യു പിയിലെ മഥുരയുടെ എം പി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രീയക്കാരിയായും അഭിനേതാവായും അമ്മയായും മുത്തശ്ശിയായും താൻ എങ്ങനെയാണ് വ്യക്തിജീവിതത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ഹേമമാലിനി വിശദീകരിച്ചത്.
തന്റെ മണ്ഡലമായ മഥുര സന്ദർശിക്കാൻ ആവശ്യപ്പെട്ടാൽ 'അവിടെ തിരക്കിട്ട് പോകാൻ' തനിക്ക് കഴിയില്ലെന്ന് ഹേമ മാലിനി പറയുന്നു. ജീവിതത്തിൽ തന്റെ 'മറ്റു കടമകൾ' ഓർമ്മിപ്പിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ചില സമയങ്ങളിൽ കൊച്ചുമക്കളെ നോക്കേണ്ടി വരുമെന്നും അതിനാൽ തന്റെ മണ്ഡലം സന്ദർശിക്കാൻ കഴിയില്ലെന്നും ഹേമ കൂട്ടിച്ചേർത്തു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഥുരയിൽ ജയന്ത് ചൗധരിയെ (ആർഎൽഡി) തോൽപ്പിച്ചാണ് ഹേമ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2019ലെ തിരഞ്ഞെടുപ്പിലും സീറ്റ് നിലനിർത്താൻ ഹേമയ്ക്കായി. മുംബയിൽ സ്ഥിര താമസമാക്കിയ മുൻ ബോളീവുഡ് സുന്ദരി പലപ്പോഴും തന്റെ മണ്ഡലത്തിൽ സന്ദർശനത്തിന് എത്താറുണ്ട്. മഥുരയിൽ എം പിക്ക് ഒരു നൃത്ത വിദ്യാലയവും ഉണ്ട്. 1980ലാണ് ഹേമമാലിനി ധർമ്മേന്ദ്രയുമായി വിവാഹ ജീവിതം ആരംഭിക്കുന്നത്.