
കണ്ണൂർ: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം നാളെ കോൺഗ്രസിൽ അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് നേതാക്കൾ പറയുന്നെങ്കിലും മല്ലികാർജുന ഖാർഗെയെ നേതാക്കൾ ഏതാണ്ട് പൂർണമായും പിന്തുണയ്‌ക്കുന്നുണ്ട്. മലയാളിയാണെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബഹുഭൂരിപക്ഷവും മറ്റൊരു സ്ഥാനാർത്ഥിയായ ശശി തരൂരിനെ പിന്തുണയ്‌ക്കുന്നില്ല. തന്റെ പിന്തുണ ഖാർഗെയ്‌ക്കാണെന്ന് ചൂണ്ടിക്കാട്ടി തെക്കൻ കേരളത്തിലെ പാർട്ടി നേതാക്കളെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തുകയും ചെയ്‌തു.
ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രാമായണ കഥയെ ദുർവ്യാഖ്യാനം ചെയ്‌തശേഷം കെ.സുധാകരൻ വടക്കൻ കേരളത്തിൽ നിന്നുളള നേതാക്കൾ ധൈര്യമുളളവരും രാഷ്‌ട്രീയ ഭേദമന്യേ വിശ്വസിക്കാൻ കൊളളാവുന്നവരാണെന്നും പറഞ്ഞു. തെക്കൻ കേരളത്തിൽ നിന്നുളള നേതാക്കളെ വിശ്വസിക്കാൻ കൊളളാത്തവരാണെന്നും പറഞ്ഞു. ഇതിനെ ധ്വനിപ്പിക്കാനാണ് രാമായണ കഥയെ ദുർവ്യാഖ്യാനം ചെയ്‌തത്. കഥ ഇങ്ങനെ 'രാവണ വധത്തിന് ശേഷം ശ്രീരാമ ദേവൻ ലക്ഷ്‌മണനും സീതാ ദേവിയ്‌ക്കുമൊപ്പം തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ സഹോദരനെ കടലിൽ തളളിയിട്ട് സീതയുമായി കടന്നുകളയാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശൂരെത്തിയപ്പോൾ ലക്ഷ്മണന്റെ മനസുമാറി പശ്ചാത്താപമുണ്ടായി.' കെ.സുധാകരൻ പറയുന്നു. ശേഷം രാമൻ ഇക്കാര്യം അറിഞ്ഞെന്നും 'അത് നിന്റെ തെറ്റല്ല നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്' എന്ന് ലക്ഷ്‌മണനെ ആശ്വസിപ്പിച്ചെന്നും പൊട്ടിച്ചിരിച്ചുകൊണ്ട് സുധാകരൻ പറയുന്നു. കേരളത്തിലെ നേതാക്കളുടെ പൊതുസ്വഭാവത്തെക്കുറിച്ചുളള ചോദ്യത്തിലാണ് കെ.സുധാകരൻ ഇങ്ങനെ വക്രമായി മറുപടി നൽകിയത്.
ശശി തരൂരിനെ കുറിച്ച് ജി.സുധാകരൻ പറഞ്ഞത് ഇങ്ങനെ.'തരൂർ നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. എന്നാൽ സംഘടനാ കാര്യങ്ങളിൽ തരൂരിന് പ്രവർത്തന പാരമ്പര്യമില്ല. വെറും ട്രെയിനിയാണ് തരൂർ. രാഷ്‌ട്രീയമണ്ഡലത്തിൽ തരൂരിന്റെ അനുഭവം പരിമിതമാണ്. ബുദ്ധിയും സാമർദ്ധ്യവും പോര ജനാധിപത്യ രാഷ്‌ട്രത്തിൽ നയിക്കാനുളള കഴിവാണ് പ്രധാനം'എന്നും കെ.സുധാകരൻ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ വിവിധ തലത്തിൽ പ്രവർത്തിച്ച് വളർന്നുവന്നയാളാണ് ഖാർഗെയെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പാർട്ടിയെ നയിക്കാൻ പര്യാപ്‌തമാണെന്നും സുധാകരൻ പറഞ്ഞു.