-nirmala-sitharaman

ഡോളറിനെ അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം ഓരോ ദിവസവും ഇടിയുമ്പോൾ ഈ വിഷയത്തിൽ ന്യായീകരണവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രൂപയുടെ മൂല്യം ഇടിയുന്നതല്ല പകരം ഡോളറിന്റെ ശക്തി വർദ്ധിക്കുന്നതാണ് മൂല്യത്തകർച്ചയ്ക്ക് കാരണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഒരു വാർത്താ ഏജൻസിയോടാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ഡോളർ തുടർച്ചയായി ശക്തിപ്പെടുകയാണ്. അതിനാൽ, മറ്റെല്ലാ കറൻസികളും ഡോളറിനെതിരെ പ്രവർത്തിക്കുന്നു. ഡോളർ നിരക്ക് ഉയരുമ്പോൾ ഇന്ത്യയുടെ രൂപ ചെറുത്തുനിന്നിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്... മറ്റ് പല കറൻസികളേക്കാളും മികച്ച പ്രകടനമാണ് ഇന്ത്യൻ രൂപ നടത്തിയതെന്ന് താൻ കരുതുന്നതായും ധനമന്ത്രി പറഞ്ഞു. പലിശഭാരം വർദ്ധിപ്പിക്കുന്നതിന് ഇടവരുന്ന ആർ ബി ഐയുടെ ശ്രമങ്ങളെ കുറിച്ചും നിർമ്മല പ്രതികരിച്ചു. കൂടുതൽ ചാഞ്ചാട്ടം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ആർ ബി ഐയുടെ ശ്രമങ്ങളെന്ന് കരുതുന്നത്. രൂപ അതിന്റേതായ നിലവാരം കണ്ടെത്തുമെന്ന് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 82.68ലേക്ക് ഇടിഞ്ഞിരുന്നു.

ജി 20 സാമ്പത്തിക ഫോറത്തിന്റെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്ത അവസരത്തിലാണ് ധനമന്ത്രി വാർത്താ ഏജൻസിയുമായി സംസാരിച്ചത്. ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജി 20യുടെ അജണ്ടയിൽ കൊണ്ടുവരുമെന്നും, ഇന്ത്യയുടെ ആധാർ പോലുള്ള ഡിജിറ്റൽ വിജയങ്ങളെ കുറിച്ച് അറിയാൻ അംഗരാജ്യങ്ങൾക്ക് താത്പര്യമുണ്ടെന്നും നിർമ്മല പറഞ്ഞു. ലോക ബാങ്ക് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യങ്ങൾ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.