
ചെന്നൈ: നയൻതാര-വിഘ്‌നേഷ് ശിവൻ താരദമ്പതികൾ തങ്ങൾക്ക് ആൺകുഞ്ഞുങ്ങൾ പിറന്നുവെന്ന് സന്തോഷം പങ്കുവച്ചതിന് പിന്നാലെ വിവാദങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഉയർന്നുവന്നിരുന്നു. വാടക ഗർഭധാരണത്തിൽ ഇരുവരും നിയമലംഘനം നടത്തി എന്നായിരുന്നു പ്രധാന ആരോപണം. തമിഴ്‌നാട് ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പുതിയ വിവരം പുറത്തുവരികയാണ്. താരദമ്പതികൾക്കായി വാടകഗർഭധാരണത്തിന് തയ്യാറായത് നടിയുടെ ബന്ധുവായ മലയാളി യുവതിയാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
നയൻതാരയുടെ ദുബായിലെ ബിസിനസ് കൈകാര്യം ചെയ്യുന്ന യുവതിയാണ് വാടകഗർഭധാരണം ചെയ്തതെന്നാണ് വിവരം. ഇരുവരും തമിഴ്‌നാട് ആരോഗ്യവകുപ്പിന് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുവെന്നാണ് സൂചന. ചെന്നൈയിലെ വന്ധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.
ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ വിവരം ഒക്ടോബർ 9ന് വിഘ്‌നേഷ് ശിവനാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിന്നാലെ വാടകഗർഭധാരണത്തെച്ചൊല്ലി വിവാദങ്ങളും ഉടലെടുക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ രാജ്യത്ത് നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് നയൻതാരയും വിഘ്‌നേഷും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ആറുവർഷം മുമ്പ് വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടകഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യവകുപ്പിന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.