
ആലപ്പുഴ: വീട്ടിലെ കോണിപ്പടിയുടെ ചുവട്ടിൽ നിന്നും കിട്ടിയത് വമ്പൻ മൂർഖൻ പാമ്പിനെ. താമരക്കുളം കൊട്ടക്കാട്ടുശേരി ആര്യാലയത്തിൽ വത്സലയുടെ വീട്ടിലാണ് സംഭവം. പടിയുടെ ചുവട്ടിൽ നിന്ന് വൈകിട്ട് നാലോടെ പൂച്ച കരയുന്നത് കണ്ട് വീട്ടുകാർ വന്നുനോക്കിയപ്പോഴാണ് പത്തിവിരിച്ച് പാമ്പ് ചീറ്റിക്കൊണ്ട് നിൽക്കുന്നത് കണ്ടത്. ഏതാണ്ട് ഏഴടി നീളമുളള പാമ്പായിരുന്നു ഇത്.
വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്തക്കാരൻ ചവറ ബിനു ഉടൻ സ്ഥലത്തെത്തി. പാമ്പിനെ പിടികൂടി ചാക്കിലാക്കി അദ്ദേഹം കൊല്ലം ഫോറസ്‌റ്റ് ഡിവിഷൻ ഏരിയയിൽ അതിനെ തുറന്നുവിട്ടു. മൂന്നര മുതൽ അഞ്ചടി വരെ നീളമുളള മൂർഖൻ പാമ്പുകളാണ് സാധാരണയായി കാണാറുളളത്. എന്നാൽ താമരക്കുളത്ത് പിടികൂടിയത് ഏഴടിയോളം നീളം വരുന്ന വമ്പൻ മൂർഖൻ പാമ്പിനെയാണ്. ഇത് അത്യപൂർവമായി ലഭിക്കുന്നതാണ്. ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷം വൈകിട്ട് ആറ് മണിയോടെയാണ് പാമ്പിനെ ലഭിച്ചത്.