
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഏറ്റവും പേടിക്കുന്ന ഒന്നാണ് ഭക്ഷണം. കൂടുതൽ ഭക്ഷണം കഴിച്ചാൽ വീണ്ടും തടികൂടുമോയെന്ന് ഭയക്കാത്തവർ കുറവായിരിക്കും. ഇക്കാരണത്താൽ മിക്കവാറും പേരും തങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ ഉപേക്ഷിക്കുകയും കടുത്ത ഡയറ്റിലേയ്ക്ക് കടക്കുകയും ചെയ്യുന്നു. തടികൂടുമോയെന്ന ഭയത്താൽ മധുരവും എരിവും മസാലകളുമെല്ലാം വേണ്ടെന്ന് വയ്ക്കുന്നവരും ധാരാളമാണ്. എന്നാൽ ശരീരഭാരം കൂടുമോയെന്ന് ഭയക്കാതെ കഴിക്കാൻ സാധിക്കുന്ന രുചിയേറിയ ഒരു വിഭവം തയ്യാറാക്കുന്ന വിധം പങ്കുവയ്ക്കുകയാണ് പ്രിയപ്പെട്ട ഗായിക റിമി ടോമി.
കൃത്യമായ ഡയറ്റും വ്യായാമവും പാലിച്ചാണ് റിമി ടോമി ശരീരഭാരം കുറച്ചത്. ശരീരഭാരം കുറയ്ക്കുന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ഭാരം കൂടാതെ നിലനിർത്തുന്നതും. അതിനായി സഹായിക്കുന്ന ഒരു ബ്രേക്ക്‌ഫാസ്റ്റ് വിഭവം താരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ ഓട്‌സ് പാൻകേക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഓട്‌സ് വറുത്തു പൊടിച്ചത്- അര കപ്പ്
പാൽ (ആൽമണ്ട് മിൽക്ക്) - മൂന്ന് ടേബിൾ സ്‌പൂൺ
കറുവാപ്പട്ട പൊടിച്ചത്- കാൽ ടീസ്‌പൂൺ
റോബസ്റ്റ പഴം- ഒന്ന്
ആവശ്യത്തിന് ഉപ്പ്
ഒലിവ് ഓയിൽ/ നെയ്യ്
മുട്ട- ഒന്ന്
തേൻ (ആവശ്യമെങ്കിൽ)- ഒരു ടീസ്‌പൂൺ
മുതിര പൊടിച്ചത് (ആവശ്യമെങ്കിൽ)
വാനില എസൻസ് (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
ആദ്യം ഓട്‌സ് പൊടിച്ചതിലേയ്ക്ക് പഴം ചെറുതായി അരിഞ്ഞ് ഇടണം. ഇതിലേയ്ക്ക് കറുവാപ്പട്ട പൊടിച്ചത്, കുറച്ച് വാനില എസൻസ്, ഒരു മുട്ട പൊട്ടിച്ചത്, പാൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കണം. ശേഷം ഇത് നന്നായി യോജിപ്പിച്ച് എടുക്കണം. ഒരു പാൻ ചൂടാക്കി കുറച്ച് നെയ്യ് പുരട്ടി ദോശയുടെ പരുവത്തിൽ ഒഴിച്ച് ഉണ്ടാക്കി എടുക്കാം. മുട്ട ഉപയോഗിക്കാത്തവർക്ക് മുതിര ഉപയോഗിക്കാം. മുതിര വെള്ളത്തിലിട്ട് കുറേനേരം കഴിയുമ്പോൾ മുട്ടയുടെ വെള്ളപോലെ കൊഴുപ്പ് രൂപത്തിൽ ലഭിക്കും. ഇത് മുട്ടയ്ക്ക് പകരമായി ഉപയോഗിക്കാം. ദോശ രൂപത്തിൽ ഇരുവശവും വേവിച്ചിട്ട് വെന്തുകഴിയുമ്പോൾ മുകളിലായി പഴം അരിഞ്ഞിട്ട് കുറച്ച് തേൻ ഒഴിച്ച് കഴിക്കാം.