dayabai

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്‌നപരിഹാരത്തിനായി നടത്തുന്ന സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് സാമൂഹ്യപ്രവർത്തക ദയാബായി. പ്രശ്‌നപരിഹാരത്തിനായി സമരസമിതിയുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മന്ത്രിമാരായ വീണാ ജോർജ്, ആർ.ബിന്ദു എന്നിവർ ആശുപത്രിയിലെത്തി സന്ദർശിക്കവെയാണ് അവർ ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരോട് ദയാബായി നേരിട്ട് വിഷയത്തിൽ പരാതികൾ പറഞ്ഞു.

അതേസമയം ചർച്ച ഫലപ്രദമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. സമരം അവസാനിപ്പിക്കാമെന്ന് ദയാബായി അറിയിച്ചതായി മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും ആരോഗ്യമന്ത്രി വീണാ ജോർജും സമരക്കാരുമായി ചർച്ച നടത്തിയത്. സാമൂഹ്യപ്രവർ‌ത്തക ദയാബായി ഉന്നയിച്ച 90 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചുവെന്ന് അവർ അറിയിച്ചു. കാസർകോട് മെഡിക്കൽ കോളേജിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സാ സഹായം സർക്കാർ ഉറപ്പാക്കും.

മുൻപ് സമരം ഒത്തുതീർക്കാൻ സർക്കാർ തയാറായില്ലെങ്കിൽ സമരം യു ഡി എഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സർക്കാരിന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമാണ് ദയാബായി ഉന്നയിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.