accident-

സുൽത്താൻപൂർ : ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ പൂർവാഞ്ചൽ എക്സ്പ്രസ്‌വേയിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ഹാലിയപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. അതിവേഗത്തിൽ പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാർ കണ്ടെയ്നർ ട്രക്കിൽ ഇടിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇതിൽ ഒരു യുവാവിന്റെ തലയും കൈയും മുപ്പത് മീറ്റർ അകലേയ്ക്ക് തെറിച്ചു വീണു. അപകടത്തിൽ കാർ പൂർണമായും തകർന്നു.


അപകടസമയത്ത് ബിഎംഡബ്ല്യൂവിന്റെ വേഗത മണിക്കൂറിൽ 230 കിലോമീറ്ററായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അപകടമുണ്ടായപ്പോൾ ഇവർ കാറിന്റെ വേഗതയെ കുറിച്ച് ഫേസ്ബുക്കിൽ ലൈവ് ചെയ്യുകയായിരുന്നു. മൊബൈൽ കാറിന്റെ സ്പീഡോമീറ്ററിൽ ഫോക്കസ് ചെയ്തായിരുന്നു ലൈവ്. ഇതിൽ 230 കിലോമീറ്റർ വരെ കാണാനായി. അപകടത്തിന് പിന്നാലെ പൊലീസും ഉത്തർപ്രദേശ് എക്സ്പ്രസ്‌വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (യുപിഇഐഡിഎ) ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.