crime

മുംബയ് : എട്ട് മാസം ഗർഭിണിയായ യുവതിയോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടയാളെ യുവതിയുടെ ഭർത്താവ് കുത്തി. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് സംഭവം. സംഭവത്തിൽ ആശാവർക്കറുടെ ഭർത്താവിനെ പൻവേൽ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പനവേലിലെ തക്ക ഗ്രാമത്തിൽ താമസിക്കുന്ന കമലകർ ഭഗത് എന്നയാളാണ് മൊബൈലിലൂടെ ആശാവർക്കറുമായി അശ്ലീല സംഭാഷണം നടത്തിയത്. യുവതിയോടുള്ള ലൈംഗികാഭിമുഖ്യം വെളിപ്പെടുത്തിയാണ് കമലകർ ഫോൺ ചെയ്തത്. ഈ വിവരം യുവതിയിൽ നിന്നറിഞ്ഞ 35 കാരനായ ഭർത്താവ് കമലകർ ഭഗതിനെ കുത്തുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പൻവേൽ സ്വദേശിനിയായ ആശാ വർക്കർ ഒരു ആരോഗ്യ കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നതിനിടെ ഭഗത് നമ്പർ തേടി. പൻവേൽ മുനിസിപ്പൽ കോർപ്പറേഷൻ ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥനാണെന്ന് കരുതി യുവതി നമ്പർ നൽകി. കുറച്ച് സമയത്തിന് ശേഷം, ഭഗത് ഫോണിൽ വിളിച്ച് യുവതിയോട് അശ്ലീല സംഭാഷണം നടത്തി. പണം വാഗ്ദ്ധാനം ചെയ്യുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ക്ഷണിക്കുകയും ചെയ്തു. പ്രകോപിതയായ യുവതി ഇനി മേലാൽ തന്നെ വിളിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും, സംഭവത്തെ കുറിച്ച് ഭർത്താവിനോട് സംസാരിക്കുകയും ചെയ്തു. ഭഗത് വിളിക്കുന്നത് യുവതി ഫോണിൽ റെക്കാഡ് ചെയ്തിരുന്നു.

ഇത് കേട്ടതോടെയാണ് കോപാകുലനായ യുവാവ് ഭഗതിനെ തിരക്കി ഇറങ്ങിയത്. ഭഗത് പൻവേലിലെ സഹകരണ ബാങ്കിൽ പ്യൂണായി ജോലി ചെയ്തിരുന്ന ഭഗതിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ പൊലീസിൽ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ ഭഗത് വാഷിയിലെ എംജിഎം ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.