bts

ദോഹ: ഖത്തറിൽ അടുത്തമാസം 20ന് ആരംഭിക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടനത്തിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിന് വിഖ്യാത കൊളംബിയൻ ഗായിക ഷക്കീറക്കൊപ്പം കൊറിയൻ ബാൻഡ് ബി ടി എസും എത്തുമെന്ന് റിപ്പോർട്ടുകൾ. ഖത്തറിലെ അൽ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഫിഫ ലോകകപ്പിന്റെ കാമ്പയിന്റെ ഭാഗമായി ബി ടി എസ് ഗാനം ഹ്യുണ്ടായി കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു.

2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഉദ്ഘാടന വേദിയിൽ ഷക്കീറ ആലപിച്ച 'വക്കാവക്കാ' എന്ന ഗാനം വൻ ഹിറ്റായിരുന്നു. ഇതുവരെ ഇറങ്ങിയ ഔദ്യോഗിക ലോകകപ്പ് ഗാനങ്ങളിൽ ഏറ്റവുമധികം ആളുകൾ കേട്ട ഗാനമാണിത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് കൊളംബിയൻ പോപ് ഗായിക ദുവാ ലിപയും ഉദ്ഘാടന വേദിയിൽ എത്തും. എന്നാൽ ആരൊക്കെയാണ് വരുന്നത് എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഫിഫ നൽകിയിട്ടില്ല.

ഫിഫ ലോകകപ്പ് ഫൈനൽ 2022 ഡിസംബർ 18ന് ലുസെയിൽ ഐക്കോണിക് സ്റ്റേഡിയത്തിൽ നടക്കും. അറബ് രാജ്യത്ത് ആദ്യമായി നടക്കുന്ന മത്സരമെന്ന നിലയിൽ ലോകം ഉറ്റുനോക്കുന്ന മത്സരമാണിത്. ഇത് കൂടാതെ 2002 ലോകകപ്പിന് ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണ് ഇത്തവണത്തേത്.