court-order-

കർണാടകയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിനുണ്ടായ പിഴവിൽ അഞ്ഞൂറ് രൂപ നഷ്ടമായ ഇടപാടുകാരന് ഒരു ലക്ഷം പിഴയായി നൽകാൻ കോടതി വിധി. പണം നൽകാതെ അക്കൗണ്ടിൽ നിന്നും തുക കുറച്ച നടപടിയെയാണ് കോടതിയിൽ ഉപഭോക്താവ് ചോദ്യം ചെയ്തത്. ബാങ്കിന്റെ വീഴ്ച കണ്ടെത്തിയ ഉപഭോക്തൃ കോടതി 1,02,700 രൂപ പിഴയായി നൽകുവാനാണ് ആവശ്യപ്പെട്ടത്.

2020 നവംബർ 28 ന് ധാർവാഡിൽ നിന്നുള്ള അഭിഭാഷകൻ സിദ്ധേഷ് ഹെബ്ലി ഇന്ത്യൻ ഓവർസീസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് എടിഎം ഉപയോഗിച്ച് 500 രൂപ പിൻവലിക്കാൻ ശ്രമിച്ചു. സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്‌തെങ്കിലും പണം എടിഎമ്മിൽ നിന്നും ലഭിച്ചില്ല. ഇതേ തുടർന്ന് സമീപത്തെ എടിഎമ്മിൽ പോയി ഇദ്ദേഹം 500 രൂപ പിൻവലിച്ചു. എന്നാൽ ആദ്യത്തെ ഇടപാടിൽ നഷ്ടമായ തുക തിരികെ അക്കൗണ്ടിൽ വന്നില്ല. ഇതേക്കുറിച്ച് ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ബ്രാഞ്ച് മാനേജരോട് പരാതിപ്പെട്ടെങ്കിലും ബ്രാഞ്ച് മാനേജർ നടപടിയെടുത്തില്ല.

തുടർന്ന് ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ധാർവാഡിലെ ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ സിദ്ധേഷ് പരാതി നൽകി. ഇയാളുടെ പരാതി സത്യസന്ധമാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് കോടതി വമ്പൻ പിഴ ഈടാക്കിയത്. കാശുണ്ടായിട്ടും എടിഎമ്മിൽ പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ സംഭവം നടന്ന തീയതി മുതൽ 6 ദിവസത്തിനകം അക്കൗണ്ടിലേക്ക് പണം തിരികെ ഇടണം. അല്ലാത്ത പക്ഷം ആറ് ദിവസത്തിന് ശേഷമുള്ള സമയത്തേയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകണം. ആർബിഐയുടെ ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

പരാതിക്കാരന് നഷ്ടമായ 500 രൂപയും 677 ദിവസം വൈകിയതിന് 67,700 രൂപയും റിസർവ് ബാങ്ക് സർക്കുലർ പ്രകാരം 2020 നവംബർ 28 മുതൽ എട്ട് ശതമാനം പലിശ സഹിതം പ്രതിദിനം 100 രൂപ വീതം നൽകണമെന്നും കോടതി വിധിച്ചു. സർവീസ് പോരായ്മ കാരണം പരാതിക്കാരനുണ്ടായ ദുരിതത്തിനും മാനസിക പീഡനത്തിനും 25,000 രൂപയും കേസിന്റെ ചെലവായി 10,000 രൂപയും ചേർത്ത് മൊത്തം നഷ്ടപരിഹാരം 1,02,700 രൂപയായി. വിധി വന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട ഉപഭോക്താവിന് പണം നൽകണമെന്നാണ് ധാർവാഡ് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.