sudhakaran

തിരുവനന്തപുരം: രാമായണകഥയെ ദുർവ്യാഖ്യാനം ചെയ്‌തതിലും രാഷ്‌ട്രീയ നേതാക്കളെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തിലും ക്ഷമ ചോദിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പരാമർശം പിൻവലിച്ചതായും ആരെയെങ്കിലും വേദനിപ്പിച്ചാൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. ആരെയെങ്കിലും മോശക്കാരാക്കാനോ, തെക്ക് വടക്ക് വേർതിരിക്കാനോ ഇല്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. തന്റെ പരാമർശം പിൻവലിക്കുകയാണ്. പറഞ്ഞത് മലബാറിൽ പ്രചരിക്കുന്ന പഴയ കഥയാണ്. അദ്ദേഹം പറഞ്ഞു.

ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മലബാറിലെയും തെക്കൻ കേരളത്തിലെയും രാഷ്‌ട്രീയ നേതാക്കളെക്കുറിച്ച് കെ.സുധാകരൻ വിവാദ പരാമർശം നടത്തിയത്. ശശി തരൂരിനെതിരെ ട്രെയിനി പരാമർശം ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അത് മാദ്ധ്യമം തന്നെ പ്രയോഗിച്ചതാണെന്നും എന്നാൽ സംഘടനാ പ്രവർത്തനത്തിൽ തരൂർ പുതുമുഖമാണെന്നും ഒരു പദവിയിലും ഇരുന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. 'മലബാറും തിരുവിതാംകൂറും തമ്മിൽ ഒരു വ്യത്യാസമുണ്ട് ഇതിന്റെ പ്രതിഫലനമാണോ തന്റെ രാഷ്‌ട്രീയരീതിയെന്ന് അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഇതിന് ഇങ്ങനെയൊരു കഥ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.' എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള‌ളുവെന്നും സുധാകരൻ പ്രതികരിച്ചു.

സുധാകരൻ പറഞ്ഞ കഥ ഇപ്രകാരമായിരുന്നു. 'രാവണ വധത്തിന് ശേഷം ശ്രീരാമ ദേവൻ ലക്ഷ്മണനും സീതാ ദേവിയ്ക്കുമൊപ്പം തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ സഹോദരനെ കടലിൽ തളളിയിട്ട് സീതയുമായി കടന്നുകളയാൻ ലക്ഷ്മണൻ ആലോചിച്ചു. എന്നാൽ തൃശൂരെത്തിയപ്പോൾ ലക്ഷ്മണന്റെ മനസുമാറി പശ്ചാത്താപമുണ്ടായി.' കെ.സുധാകരൻ പറയുന്നു. ശേഷം രാമൻ ഇക്കാര്യം അറിഞ്ഞെന്നും 'അത് നിന്റെ തെറ്റല്ല നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്നമാണ്' എന്ന് ലക്ഷ്മണനെ ആശ്വസിപ്പിച്ചെന്നും പൊട്ടിച്ചിരിച്ചുകൊണ്ട് സുധാകരൻ പറഞ്ഞു.