
ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, ജഡ്ജിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയ രാജ്യത്തെ ഉന്നതരെ കരിവാരി തേയ്ക്കുക എന്ന ഉദ്യേശത്തോടെ ശനിയാഴ്ച അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേണലിൽ ഒരു പേജ് ഫുൾ കളർ പരസ്യം വന്നിരുന്നു. രാജ്യത്തെ അപകീർത്തിപ്പെടാൻ ഉദ്ദേശിച്ചുള്ള പരസ്യത്തിന് പിന്നിൽ ഇന്ത്യൻ ബന്ധമുള്ള കരങ്ങളാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു. മന്ത്രിമാരും ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉൾപ്പെടെ 11 ഇന്ത്യക്കാരുടെ പേരുകൾ പരാമർശിച്ചാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിൽ നരേന്ദ്ര മോദി സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു.
സർക്കാരിന്റെ ഉന്നത തലത്തിലുള്ളവർക്കെതിരെ ആസൂത്രിതമായി കോടികൾ ചെലവിട്ട് അമേരിക്കൻ മാദ്ധ്യമത്തിലൂടെ പ്രചരണം നടത്തിയവരെ കുറിച്ചുള്ള അന്വേഷണത്തിൽ ദേവാസ് ഗ്രൂപ്പിന്റെ മുൻ സിഇഒ ആണെന്നാണ് കണ്ടെത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും ഒളിവിൽ പോയ സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രൻ വിശ്വനാഥനുമായി ബന്ധമുള്ള ഇന്ത്യാ വിരുദ്ധ ഗ്രൂപ്പാണ് പരസ്യം നൽകിയത്.
അമേരിക്കൻ മാദ്ധ്യമങ്ങളെ തട്ടിപ്പുകാർ ലജ്ജാകരമായ ആയുധമാക്കുന്നുവെന്ന് പരസ്യം വന്നതിന് പിന്നാലെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത ട്വീറ്റ് ചെയ്തിരുന്നു.
Shameful weaponisation of American media by fraudsters.
— Kanchan Gupta 🇮🇳 (@KanchanGupta) October 15, 2022
This shockingly vile ad targeting #India and its Government appeared in @WSJ .
Do you know who is behind this and similar ads?
This ad campaign is being run by fugitive Ramachandra Vishwanathan, who was the CEO of Devas.
n1 pic.twitter.com/o7EWFmMsSR
ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്ക് പിന്നിലുണ്ടെന്ന് കണ്ടെത്തിയ രാമചന്ദ്രൻ വിശ്വനാഥനെതിരെ സുപ്രീം കോടതിയും വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാവാം പരസ്യത്തിൽ ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്. സുപ്രീം കോടതി ജഡ്ജിമാരായ വി. രാമസുബ്രഹ്മണ്യനെയും ഹേമന്ത് ഗുപ്തയെയുമാണ് പരസ്യത്തിൽ പരാമർശിച്ചിട്ടുള്ളത്. ഈ ജഡ്ജിമാരെയാണ് പരസ്യത്തിലൂടെ ഇകഴ്ത്തിയിരിക്കുന്നത്.
ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ വിശ്വനാഥൻ ആൻട്രിക്സ് ദേവാസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരുമായി തർക്കത്തിലായിരുന്നു.
ശനിയാഴ്ച പുറത്തിറങ്ങിയ വാൾസ്ട്രീറ്റ് ജേർണലിലാണ് ധനമന്ത്രി നിർമല സീതാരാമനെയും മറ്റ് 10 മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ച് വിവാദമായ പരസ്യം പ്രസിദ്ധീകരിച്ചത്. ഇന്ത്യയെ 'നിക്ഷേപത്തിനുള്ള സുരക്ഷിതമല്ലാത്ത സ്ഥലമാക്കി' മാറ്റുന്ന ഉദ്യോഗസ്ഥരാണിവരെന്ന് വിശേഷിപ്പിച്ചു. യുഎസ് ആസ്ഥാനമായുള്ള ഫ്രോണ്ടിയേഴ്സ് ഓഫ് ഫ്രീഡത്തിന്റെ വെബ്‌സൈറ്റിലേക്ക് നയിക്കുന്ന ഒരു ക്യുആർ കോഡും പരസ്യത്തിലുണ്ടായിരുന്നു. ധനമന്ത്രി നിർമ്മല സീതാരാമന് പുറമെ ആൻട്രിക്സ് ചെയർമാൻ രാകേഷ് ശശിഭൂഷൺ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ, ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യൻ, സിബിഐ ഡിഎസ്പി ആശിഷ് പരീഖ്, ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര, ഡെപ്യൂട്ടി ഡയറക്ടർ എ. സാദിഖ് മുഹമ്മദ്. നൈജ്നാർ, അസിസ്റ്റന്റ് ഡയറക്ടർ ആർ. രാജേഷ്, പ്രത്യേക ജഡ്ജി ചന്ദ്രശേഖർ എന്നിവരെയാണ് പരസ്യത്തിൽ പരാമർശിച്ചത്.
ഗ്ലോബൽ മാഗ്നിറ്റ്സ്‌കി ഹ്യൂമൻ റൈറ്റ്സ് അക്കൗണ്ടബിലിറ്റി ആക്ട് പ്രകാരം അവർക്കെതിരെ സാമ്പത്തിക, വിസ ഉപരോധം ഏർപ്പെടുത്താൻ ഞങ്ങൾ യുഎസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയുടെ കീഴിൽ നിയമവാഴ്ചയുടെ തകർച്ച ഇന്ത്യയെ നിക്ഷേപത്തിനുള്ള അപകടകരമായ സ്ഥലമാക്കി മാറ്റി. നിങ്ങൾ ഇന്ത്യയിലെ ഒരു നിക്ഷേപകനാണെങ്കിൽ, അടുത്തത് നിങ്ങളായിരിക്കാം,' ഒക്ടോബർ 13 ന് പ്രസിദ്ധീകരിച്ച പരസ്യം വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങളിൽ പങ്കെടുക്കാനായി നിർമ്മല സീതാരാമൻ അമേരിക്കയിൽ സന്ദർശനം നടത്തുന്ന സമയത്താണ് പരസ്യം വന്നതെന്നതും ശ്രദ്ധേയമാണ്. ഒക്ടോബർ 11ന് വാഷിംഗ്ടണിലെത്തിയ ധനമന്ത്രി നാളെ ഇന്ത്യയിലേക്ക് മടങ്ങും.