kottayam-suicide

ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ ഭാര്യയെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായ ഭർത്താവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാണക്കരി സ്വദേശിയായ പ്രദീപിനെയാണ് അരീക്കരയിലെ റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ മഞ്ചുവിനെ രണ്ട് കൈകളിലുമടക്കം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചിട്ട് പ്രതി ഒളിവിൽ പോയത്. ഒളിവിലായിരുന്ന പ്രദീപിനെ പൊലീസ് തിരയുന്നതിനിടയിലാണ് ഞായറാഴ്ച് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.

ഒക്ടോബർ 14ന് രാത്രിയിൽ നടന്ന അക്രമണത്തിൽ മഞ്ചുവിന്റെ ഒരു കൈ വെട്ടേറ്റ് അറ്റു തൂങ്ങുകയും വലത് കൈയിലെ മൂന്ന് വിരലുകൾ അറ്റു പോവുകയും ചെയ്തു. തലയ്ക്കും തോളെല്ലിനും സാരമായ പരിക്കേൽക്കുകയുമുണ്ടായി. മാതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പത്ത് വയസ്സുകാരിയായ മകളെയും പ്രദീപ് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുകൈകളിലും ശസ്ത്രക്രിയയ്ക്ക് വിധേയയായ മഞ്ചു ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. പ്രദീപിന്റെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.