
തിരുവനന്തപുരം: തെക്കൻ കേരളത്തെക്കുറിച്ചുള്ള കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മലയാളികളെ ഒന്നായാണ് കാണേണ്ടത്. അല്ലാതെ ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെ വിലയിരുത്തേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അവർ സ്വീകരിക്കുന്ന നിലപാടുകൾ ആണ് നോക്കേണ്ടത്. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്. അങ്ങനെ കുറ്റപ്പെടുത്തുന്നത് ജനങ്ങൾക്കിടയിൽ വൈരുദ്ധ്യം ഉണ്ടാക്കുമെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. .
അതേസമയം വിവാദമായ തെക്ക് വടക്ക് പരാമർശത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ .സുധാകരൻ ഖേദം പ്രകടിപ്പിച്ചു. ഒരു നാടൻ കഥ പറയുക മാത്രമാണ് ചെയ്തതെന്നും ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരൻ പറഞ്ഞു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ആ വാക്കുകൾ പിൻവലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. രാവണനെ വധിച്ച ശേഷം സീതയ്ക്കും ലക്ഷ്മണനുമൊപ്പം പുഷ്പക വിമാനത്തിൽ തിരിച്ചുവരുമ്പോൾ തെക്കൻ കേരളത്തിലൂടെ പുഷ്പക വിമാനം സഞ്ചരിക്കുന്നതിനിടെ സീതയെ സ്വന്തമാക്കി കടന്നുകളഞ്ഞാലോ എന്ന് ലക്ഷ്മണൻ ചിന്തിച്ചു. എന്നാൽ തൃശൂർ കഴിഞ്ഞപ്പോൾ താൻ ചിന്തിച്ചതിൽ ലക്ഷ്മണന് കുറ്റബോധമുണ്ടായെന്നും ഇത് മനസിലാക്കിയ രാമൻ അത് ലക്ഷ്മണന്റെ തെറ്റല്ല, കടന്നുവന്ന മണ്ണിന്റെ തെറ്റാണെന്നു പറഞ്ഞെന്നുമായിരുന്നു വിവാദ പ്രസ്താവന.