
ഇടുക്കി: പെരിയാർ കടുവാ സങ്കേത്തിൽ തുറന്നു വിട്ട കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കടുവാ സങ്കേതത്തിനുള്ളിലെ തടാകത്തിൽ നിന്നാണ് ജഡം കണ്ടെത്തിയത്. കടുവ മുങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. പോസ്റ്റുമാർട്ടം നാളെ നടത്തും. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔഗ്യോഗികമായി സ്ഥിരീകരിക്കുകയുള്ലു. മൂന്നാറിൽ നിന്നും പിടികൂടിയ കടുവ ജനവാസ കേന്ദ്രത്തിലേയ്ക്ക് കടക്കുമോ എന്ന് നിരീക്ഷിക്കാനായി റേഡിയോ കോളർ ഘടിപ്പിച്ച ശേഷമാണ് പെരിയാർ കടുവ സങ്കേതത്തിലേയ്ക്ക് തുറന്നു വിട്ടത്.
മൂന്നാറിലെ ജനവാസമുള്ള പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ വനം വകുപ്പ് കെണിയൊരുക്കിയാണ് പിടിച്ചത്. തുടർന്ന് വിദഗ്ദ സംഘം നടത്തിയ പരിശോധനയിൽ കടുവയുടെ ഇടതു കണ്ണിന് തിമിരം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. കാഴ്ചപരിമിതി മൂലം ഇരതേടാൻ സാധിക്കുമോ എന്ന ആശങ്ക ഉയർന്നെങ്കിലും വലത് കണ്ണിന് കാഴ്ചയുള്ളത് കൊണ്ട് പെരിയാറിൽ തുറന്ന് വിടുകയായിരുന്നു. എന്നാൽ ഒക്ടോബർ ഏഴിന് കടുവ സങ്കേതത്തിലേയ്ക്ക് തുറന്നു വിട്ട കടുവയുടെ ജഡം ഇന്ന് കണ്ടെത്തുകയായിരുന്നു.