sbi

കൊച്ചി: സ്ഥിരനിക്ഷേപത്തെ (എഫ്.ഡി) ആശ്രയിക്കുന്നവർക്ക് ആശ്വാസവുമായി രാജ്യത്തെ ഏറ്റവും വലിയബാങ്കായ എസ്.ബി.ഐ പലിശനിരക്ക് 0.20 ശതമാനം വരെ വർദ്ധിപ്പിച്ചു. രണ്ടുകോടി രൂപവരെയുള്ള നിക്ഷേപങ്ങൾക്കാണ് ബാധകം. ഇതോടെ എസ്.ബി.ഐയിലെ ഏറ്റവും കുറഞ്ഞ സ്ഥിരനിക്ഷേപ പലിശനിരക്ക് 2.9 ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായും കൂടിയ പലിശനിരക്ക് 5.65 ശതമാനത്തിൽ നിന്ന് 5.85 ശതമാനമായും ഉയർന്നു. മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് 3.40-6.45 ശതമാനത്തിൽ നിന്ന് 3.50-6.65 ശതമാനമായി. പുതുക്കിയനിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു.

നിയന്ത്രണപരിധിവിട്ട് മുന്നേറുന്ന റീട്ടെയിൽ നാണയപ്പെരുപ്പത്തിന് കടിഞ്ഞാണിടാൻ റിസർവ് ബാങ്ക് റിപ്പോനിരക്ക് 1.90 ശതമാനം ഉയർത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ബാങ്കുകൾ വായ്‌പാ, നിക്ഷേപ പലിശ കൂട്ടുന്നത്. സ്ഥിരനിക്ഷേപ പലിശനിരക്ക് ഉയർത്തിയ എസ്.ബി.ഐയുടെ പാത വൈകാതെ മറ്റ് ബാങ്കുകളും പിന്തുടർന്നേക്കും.

പുതുക്കിയനിരക്ക്

(കാലാവധിയും പുതിയനിരക്കും. ബ്രായ്ക്കറ്റിൽ മുതിർന്ന പൗരന്മാർക്കുള്ള പുതിയനിരക്ക്)

 7-45 ദിവസം : 3% (3.50%)

 46-179 ദിവസം : 4% (4.50%)

 180-210 ദിവസം : 4.65% (5.15%)

 211 ദിവസം 364 ദിവസം : 4.70% (5.20%)

 1-2 വർഷം : 5.60% (6.10%)

 2-3 വർഷം : 5.65% (6.15%)

 3-5 വർഷം : 5.80% (6.30%)

 5-10 വർഷം : 5.85% (6.65%)