evin-prison-iran

ടെഹ്റാൻ: ഇറാനിലെ എവിൻ ജയിലിൽ തീപിടിത്തം. ഇറാനിൽ ഭരണകൂടത്തിനെതിരെ തൂടർന്നു വരുന്ന പ്രതിഷേധങ്ങളിൽ നിന്നുള്ള തടവുകാരെ പാർപ്പിച്ചിരിക്കുന്നത് എവിൻ ജയിലിലാണ്. തീപിടിത്തത്തിൽ നാല് തടവുകാർ മരണപ്പെട്ടതായും 61 പേർക്ക് പരിക്കേറ്റതായുമാണ് ലഭിക്കുന്ന വിവരം. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ഇറാൻ ജുഡീഷ്യറി വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. തീപിടിത്തത്തിൽ നിന്നുമുയർന്ന പുക ശ്വസിച്ചാണ് നാല് പേർ മരണപ്പെട്ടത്. എന്നാൽ മരണസംഖ്യ പുറത്തു വന്നതിലും കൂടുതലാണെന്നാണ് അനൗദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മണിക്കൂറുകൾക്ക് ശേഷമാണ് ജയിലിലെ തീ നിയന്ത്രണ വിധേയമാക്കിയത്

തീപിടിത്തത്തിനെ തുടർന്ന് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ദൃശ്യങ്ങളിൽ ജയിലിനുള്ളിൽ നിന്നും പുക ഉയരുന്നതായും അതിനോടൊപ്പം വെടിയൊച്ചയും സ്ഫോടന ശബ്ദവും കേൾക്കാം. 22-കാരിയായ മഹ്സ അമീനിയുടെ മരണത്തിനെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമായാണോ ജയിലിന് തീപിടിച്ചത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

evin-prison

രക്ഷപ്പെട്ട തടവുകാരിൽ ഒരാൾ ‌ജയിൽ പരിസരത്തെ കുഴി ബോംബിൽ ചവിട്ടിയതിനെ തുടർന്നുണ്ടായ സ്ഫോടനമാണ് ജയിലിൽ നിന്ന് ഉയ‌ർന്നു കേട്ടതെന്ന് ഇറാനിലെ റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട വാർത്താ മാദ്ധ്യമം റിപ്പോർട്ട് ചെയ്തെങ്കിലും പിന്നീട് ഈ പരാമർശം പിൻവലിക്കുകയായിരുന്നു. നൂറുകണക്കിന് പ്രക്ഷോഭകാരികളെയും വിദേശ തടവുകാരെയുമടക്കം പാർപ്പിച്ചിരിക്കുന്ന നിർണായക തടവറയാണ് എവിൻ ജയിൽ.

evin-prison