
കോഴിക്കോട്: മലബാർ ക്രാഫ്ട് മേള അടുത്ത വർഷം മുതൽ കേരള ക്രാഫ്ട് മേളയായി നടത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കോഴിക്കോട് സ്വപ്ന നഗരിയിൽ മലബാർ ക്രാഫ്ട് മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ മേഖലയിൽ നമ്മുടെ സാദ്ധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിന്റെ അടിസ്ഥാനത്തിൽ കരട് നയം രൂപീകരിക്കുകയാണ് സർക്കാർ. കേരളത്തിൽ ഈ സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭകരെയാണ് ലക്ഷ്യമിടുന്നത്. പുറത്തുനിന്ന് കൊണ്ടുവരുന്ന ഉത്പന്നങ്ങളിൽ ഇവിടെ ഉദ്പാദിപ്പിക്കാനാകുന്നത് ഇവിടെ തന്നെ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഈ മാസം രണ്ടിനാണ് മലബാർ ക്രാഫ്ട് മേള ആരംഭിച്ചത്. മേളയിൽ ഏറ്റവും മികച്ച എക്‌സിബിഷനുള്ള പുരസ്‌കാരം മേഘാലയയിൽ നിന്നുള്ള വിജയ്‌കുമാർ ബിശ്വക്ക് മന്ത്രി നൽകി. കന്യാകുമാരിയിൽ നിന്നുള്ള മഹേശ്വരിക്ക് രണ്ടാംസ്ഥാനവും ബംഗാളിൽ നിന്നുള്ള ഗോവിന്ദ് ജാ മൂന്നാം സ്ഥാനവും നേടി. കേരളത്തിൽ നിന്നുള്ള മികച്ച എക്‌സിബിഷന് കൊല്ലത്തു നിന്നുള്ള ജേക്കബ് കുര്യൻ അർഹനായി. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, വാർഡ് കൗൺസിലർ എം.എൻ. പ്രവീൺ, കേരള ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ സൂരജ് എസ്. നായർ, വ്യവസായ വാണിജ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ പി.എ. സരേഷ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം എന്നിവർ പങ്കെടുത്തു.