nirmala-sitaraman

വാഷിംഗ്ടൺ: രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളർ ശക്തി പ്രാപിക്കുന്നതാണ് പ്രശ്നമെന്നും കേന്ദ്ര ധനകാര്യ മന്ത്രി നി‌ർമ്മല സീതാരാമൻ. എക്കാലത്തെയും അപേക്ഷിച്ച് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം. മറ്റ് കറൻസികളെ അപേക്ഷിച്ച് ഇന്ത്യൻ രൂപ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നില്ല. എന്നാൽ യു.എസ് ഡോളർ ശക്തിപ്പെടുകയാണ്. രൂപയുടെ തകർച്ച നേരിടാൻ റിസർവ് ബാങ്ക് പരമാവധി ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. യു.എസ് സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു മന്ത്രി. എക്കാലത്തെയും അപേക്ഷിച്ച് താഴ്ന്ന നിരക്കായ 82.69 ആണ് നിലവിൽ രൂപയുടെ മൂല്യം.