blasters

കൊച്ചി : മഞ്ഞക്കടലലപോലെ ആർത്തിരമ്പിയ അരലക്ഷത്തോളം കാണികളുടെ ആരവത്തിനും ആറാം മിനിട്ടിൽത്തന്നെ നേടിയ ഗോളിനും ബഗാനെതിരായ കനത്തതോൽവിയിൽ നിന്ന് ബ്ളാസ്റ്റേഴ്സിനെ രക്ഷിക്കാനായില്ല. ഇന്നലെ കൊച്ചിയിൽ നടന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് എ.ടി.കെ മോഹൻ ബഗാൻ കേരള ബ്ളാസ്റ്റേഴ്സിനെ കീഴടക്കിയത്.

ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ടഗോൾ നേടിയിരുന്ന ഇവാൻ കല്യൂഷ്നിയാണ് ബ്ളാസ്റ്റേഴ്സിനായി ആദ്യം സ്കോർ ചെയ്തത്.എന്നാൽ ഹാട്രിക് നേടിയ ഡിമിത്രി പെട്രറ്റോസും ഓരോ ഗോളടിച്ച ജോണി കൗക്കോയും ലെന്നി റോഡ്രിഗസും ചേർന്ന് മഞ്ഞപ്പടയുടെ സ്വപ്നങ്ങൾ തകർത്തുകളഞ്ഞു. പകരക്കാരനായിറങ്ങിയ കെ.പി രാഹുൽ 80-ാം മിനിട്ടിൽ തകർപ്പനൊരു ലോംഗ്ഷോട്ടിലൂടെ ഗാലറിയു‌ടെ പ്രതീക്ഷകൾക്ക് ചിറക് പകർന്നെങ്കിലും മത്സരവിധിയെ മാറ്റാനായില്ല.

എ.ടി.കെ മോഹൻ ബഗാനെതിരെ ഇതുവരെ ഒരു കളിപോലും ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് ബാക്കിനിറുത്തിയാണ് കേരള ബ്ളാസ്റ്റേഴ്സ് ഇന്നലെ കളം വിട്ടത്.