jaishankar

കെയ്റോ: ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അൽ - സിസിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഇരുരാജ്യങ്ങളും സ്വതന്ത്ര ചിന്താഗതിയുള്ളതാണെന്നും ആഗോള സമാധാനത്തിനും പുരോഗതിയ്ക്കും വികസനത്തിനുമായി പ്രവർത്തിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. അൽ - സിസിയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊഷ്മളമായ ആശംസകൾ അറിയിച്ചതായും അദ്ദേഹത്തിന്റെ ഒരു വ്യക്തിഗത സന്ദേശം സിസിയ്ക്ക് കൈമാറിയെന്നും ജയശങ്കർ അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഈജിപ്റ്റിലെത്തിയ ജയശങ്കർ രാജ്യത്തെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അൽ - സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വളരെ അടുത്ത വ്യക്തിബന്ധമാണെന്നും കുറച്ചുനാളായി ഈജിപ്റ്റ് സന്ദർശനത്തിനായി അദ്ദേഹം ആഗ്രഹിക്കുന്നതായും എന്നാൽ കൊവിഡ് മഹാമാരി അദ്ദേഹത്തിന്റെ യാത്രകൾ തടസപ്പെടുത്തിയെന്നും സന്ദർശനകാര്യം ഇപ്പോഴും അദ്ദേഹത്തിന്റെ മനസിലുണ്ടെന്നും ജയശങ്കർ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.