jj

കൊച്ചി : ഐ.എസ്.എല്ലിലെ രണ്ടാംമത്സരത്തിൽ എ.ടി.കെ മോഹൻബഗാനെതിരെ കേരളബ്ലാസ്റ്റേഴ്‌സിന് വൻതോൽവി. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് എ.ടി.കെ ജയിച്ചത്. അരരലക്ഷത്തോളം പേർ നിറഞ്ഞിരുന്ന ഗാലറിയിൽ നിന്നുള്ള ആരവങ്ങൾ നൽകിയ ആവേശവുമായി ബഗാനെ നേരിടാനിറങ്ങിയ ബ്ളാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ടു.ആറാംമിനിട്ടിൽത്തന്നെ ഗോളും നേടി. എന്നാൽ പിന്നീട് പ്രതിരോധം മറന്നതോടെ രണ്ടെണ്ണം തിരിച്ചടിച്ച് ബഗാൻ ഗാലറിയെ നിശബ്ദമാക്കി.

ഫസ്റ്റ് വിസിൽ മുതൽ ആക്രമിച്ചുകളിക്കുകയായിരുന്നു മഞ്ഞക്കുപ്പായക്കാർ. സഹലും ഇവാൻ കല്യൂഷ്നിയുമാണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. കാണികളുടെ ആഗ്രഹംപോലെ സഹലിന്റെ പാസിൽ നിന്ന് കല്യൂഷ്നി സ്കോർ ചെയ്തത് കൊച്ചിയിലെ ഗാലറിയെ മിനിട്ടുകളോളം പ്രകമ്പനം കൊള്ളിക്കുകതന്നെ ചെയ്തു. എന്നാൽ നേടിയതിനേക്കാൾ അവസരങ്ങൾ പാഴായിപ്പോയത് ബ്ളാസ്റ്റേഴ്സിന് തിരിച്ചടിയായി. തുടർച്ചയായി ബഗാൻ ഗോൾമുഖത്ത് പന്തെത്തിച്ച ബ്ളാസ്റ്റേഴ്സ് താരങ്ങൾ അതിനിടയിൽ സ്വന്തം തട്ടകം കാക്കുന്നതിൽ വരുത്തിയ പിഴവാണ് കളിയുടെ ഗതിമാറ്റിയത്.

27-ാം മിനിട്ടിൽ ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിൽ കൃത്യമായി വിടവുണ്ടാക്കിയാണ് ഹ്യൂഗോ ബൗമസ് പന്ത് ഡയമന്റക്കോസിന് കൈമാറിയത്. ബഗാന്റെ ഒൻപതാം നമ്പർ താരം വലയിലേക്ക് തൊടുക്കുമ്പോൾ നോക്കിനിൽക്കാനേ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞുള്ളൂ.ആദ്യ അവസരത്തിലൂടെത്തന്നെ തങ്ങൾക്ക് തിരിച്ചുകിട്ടിയ താളം പിന്നീട് തെറ്റാൻ ബഗാൻ സമ്മതിച്ചില്ല. 38-ാം മിനിട്ടിൽ ബഗാൻ താരങ്ങൾ കയറിവരുമ്പോഴും എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ധാരണയില്ലാതിരുന്ന ബ്ളാസ്റ്റേഴ്സ് പ്രതിരോധം ഗോൾമുഖം തുറന്നുകൊടുത്തുപോലെയാണ് നിന്നത്. ബോക്സിനുള്ളിൽ മൻവീർ സിംഗും കൗക്കോയും തമ്മിലുള്ള ഒത്തിണക്കത്തിന്റെ തെളിവായിരുന്നു രണ്ടാം ഗോൾ.

ആദ്യ പകുതിയുടെ അവസാന സമയങ്ങളിലും രണ്ടാം പകുതിയുടെ തുടക്കത്തിലും സമ്മർദ്ദത്തിലായ ബ്ളാസ്റ്റേഴ്സിന്റെ ചടുലതയിൽ കുറവുവന്നത് കാണികളെയും നിരാശപ്പെടുത്തി. ബഗാനാവട്ടെ കിട്ടുന്ന അവസരങ്ങളിൽ മാത്രം മുന്നേറി ബാക്കി പ്രതിരോധത്തിൽ ശ്രദ്ധിച്ചുതുടങ്ങുകയും ചെയ്തു. ലിസ്റ്റൺ കൊളാസോയുടെ കിടിലൻ പാസാണ് സന്ദർശകരുടെ മൂന്നാം ഗോളിലേക്ക് വഴിതുറന്നത്.

രാഹുലിന്റെ വരവ് പകർന്ന ഉൗർജത്തിൽ നിന്ന് രണ്ടാം ഗോൾ നേടിയെങ്കിലും തുടർന്ന് ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയത് സമനിലയെങ്കിലും നേടാനുള്ള അവസരങ്ങളും ഇല്ലാതാക്കി. എല്ലാം മറന്നുള്ള ആവേശത്തിനടയിൽ ബഗാൻ നാലാം ഗോളും അഞ്ചാം ഗോളും നേടിയതോടെ ബ്ളാസ്റ്റേഴ്സിന് നിലയില്ലാതായി.