
വന്യജീവികളുടെ വിരഹകേന്ദ്രം കാടാണ് എന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എന്നാൽ മനുഷ്യരുടെ കാട് കയ്യേറ്റവും കാലാവസ്ഥാമാറ്റവും കൊണ്ട് ഇവർ പലപ്പോഴും സ്വാഭാവിക പരിസ്ഥിതിയായ കാട് വിട്ട് ജനവാസ മേഖലയിലേയ്ക്ക് എത്തിച്ചേരാറുണ്ട്. അങ്ങനെ സംഭവിച്ചാൽ തന്നെയും വനത്തിന് വളരെ അടുത്ത പ്രദേശങ്ങളിലായിരിക്കും വന്യമൃഗങ്ങൾ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ തീരെ പ്രതീക്ഷിക്കാത്തിടത്ത് അതിഥിയായി പ്രത്യക്ഷപ്പെട്ട ഒരു ഭീമൻ പെരുമ്പാമ്പിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സാധാരണയായി പെരുമ്പാമ്പിനെ ജനവാസ മേഖലയിലെ തന്നെ കുറ്റിക്കാട്ടിലോ അല്ലെങ്കിൽ വളർത്തു മൃഗങ്ങൾ ഉള്ളിടത്തോ ആണ് കണ്ടെത്തുന്നതെങ്കിൽ ഈ വിരുതൻ ഒരു സ്കൂൾ ബസിനുള്ളിലാണ് കയറിക്കൂടിയത്.
ഉത്തർപ്രദേശിലെ റായ്ബറേലിയിലാണ് സ്കൂൾ ബസിനുള്ളിൽ ഭീമാകാരനായ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവമുണ്ടായത്. റായ്ബറേലിയയിലെ റയാൻ ഇന്റർനാഷണൽ സ്കൂളിലെ ബസാണ് പെരുമ്പാമ്പ് തന്റെ താവളമാക്കി മാറ്റിയത്. ആടിനെ വിഴുങ്ങിയ ശേഷം ബസിലുള്ളിലേയ്ക്ക് ഇഴഞ്ഞു കയറിയ പെരുമ്പാമ്പ് എഞ്ചിനിൽ കുടുങ്ങിപ്പോയിരുന്നു. ബസിന്റെ സീറ്റിനിടയിലൂടെ പെരുമ്പാമ്പിനെ കയർ ഉപയോഗിച്ച് പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിൽ തന്നെ പ്രചരിക്കുകയാണ്.
സ്കൂൾ അവധിയായതിനാൽ ഡ്രൈവറിന്റെ ഗ്രാമത്തിലാണ് ബസ് പാർക്ക് ചെയ്തിരുന്നത്. ആടിനെ വിഴുങ്ങിയതിന് ശേഷം പെരുമ്പാമ്പ് ബസിനടുത്തേയ്ക്ക് ഇഴഞ്ഞ് നീങ്ങുന്നത് ഗ്രാമവാസികളുടെ കണ്ണിൽപ്പെടുകയായിരുന്നു. ഇവർ വിവരം സ്കൂൾ അധികൃതരെ അറിയിക്കുകയും തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമായെത്തി പെരുമ്പാമ്പിനെ പിടികൂടുകയും ചെയ്തു. 80 കിലോയിലധികം ഭാരവും പതിനൊന്നരയടി നീളവുമുള്ള പെരുമ്പാമ്പിനെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസിന് പുറത്തെത്തിച്ചത്.
A python rescued from a school bus in Raibareli, UP pic.twitter.com/lN1LfIW4ic
— Sanat Singh (@sanat_design) October 16, 2022