
മോസ്കോ : യുക്രെയിനിലേക്ക് റിസേർവ് സൈന്യത്തെ വിന്യസിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നടപടിയുടെ നിയന്ത്രണം വഹിച്ചിരുന്ന ഉന്നത സൈനികോദ്യോഗസ്ഥൻ ലഫ്റ്റനന്റ് കേണൽ റോമൻ മലൈക്കിനെ ( 49 ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയിലെ പ്രിമോർസ്കി മേഖലയിലെ ഗ്രാമത്തിലുള്ള വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം തൂങ്ങിമരിച്ചെന്നാണ് വിവരം. കൊലപാതകമാണോ എന്ന തരത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്. ആത്മഹത്യാ സാദ്ധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. യുക്രെയിനിലേക്ക് റിസേർവ് സൈന്യത്തെ വിന്യസിക്കാനുള്ള പുട്ടിന്റെ ഉത്തരവിന് പിന്നാലെ റഷ്യയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇത്തരം സൈനികരെ റിക്രൂട്ട് ചെയ്യാനുള്ള ഓഫീസുകൾക്ക് നേരെയും ആക്രമണമുണ്ടായിരുന്നു. ചെച്‌ന്യയിലെ സൈനിക നടപടികളിലും റോമൻ മലൈക്കിന്റെ പ്രവർത്തനം സജീവമായിരുന്നു. ഇദ്ദേഹത്തിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്.