
പത്തനംതിട്ട: പത്തനംതിട്ടയിൽ ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ യുവാവ് മർദ്ദിച്ചതായി പരാതി. പത്തനംതിട്ട നഗരത്തിൽ നടന്ന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു. റാന്നി സ്വദേശിയായ ജിതിനാണ് ഭക്ഷണം വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചത്. ഇയാളെ പൊലീസ് പിടികൂടിയെങ്കിലും ഇത് വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
ഹോട്ടലിലേയ്ക്ക് ചിക്കൻ ഫ്രൈ വാങ്ങാനായി എത്തിയ ജിതിനും രണ്ട് കൂട്ടുകാരോടും പാകം ചെയ്യാനായി 25 മിനിറ്റ് സമയം വേണമെന്ന് ജീവനക്കാർ പറഞ്ഞു. എന്നാൽ പത്ത് മിനിറ്റ് കഴിഞ്ഞ് തിരികെയെത്തിയ സംഘം വീണ്ടും ചിക്കൻ ഫ്രൈ ആവശ്യപ്പെട്ടു.ഹോട്ടൽ ജീവനക്കാർ നേരത്തെ പറഞ്ഞ സമയത്തെക്കുറിച്ച് ഓർമിപ്പിച്ചപ്പോൾ പ്രകോപിതനായ ജിതിൻ ഇയാളുടെ കഴുത്തിന് പിടിച്ച് ആക്രമിച്ചു തുടർന്ന് ബംഗാൾ സ്വദേശികളായ മൂന്ന് പേരെയും ആക്രമിച്ചു. ബഹളം കേട്ട് പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ ജിതിനും സുഹൃത്തുകളും പുറത്തേയ്ക്ക് ഓടി. ഇവരിൽ നിന്നും ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ജിതിന്റെ രണ്ട് സുഹൃത്തുകളും പിന്നാലെ സ്റ്റേഷനിലെത്തി കേസ് എടുക്കാതെ ഒത്തുതീർപ്പാക്കുന്നതിനെ പറ്റി പൊലീസുമായി ചർച്ച നടത്തി. ഇരുപതിനായിരം രൂപ ആക്രമിക്കപ്പെട്ട ഓരോരുത്തർക്കും നൽകണമെന്ന് പൊലീസ് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.