pakistani-drone

അമൃത്‌സർ: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയ്ക്ക് സമീപം ഡ്രോൺ വെടിവെച്ചിട്ടതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ്. ഞായറാഴ്ച രാത്രി അമൃത്‌സറിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ബി എസ് എഫ് റിപ്പോർട്ട് ചെയ്യുന്നത്. നാല് പ്രൊപ്പല്ലറുകൾ അടങ്ങുന്ന 12 കിലോയോളം ഭാരം വരുന്ന ഡ്രോണിനെ രാത്രി 9.15-ഓടെയാണ് അമൃത്‌സർ സെക്ടറിലെ റാണിയ അതിർത്തിയിൽ വെച്ച് ബി എസ് എഫിന്റെ 22-ാം ബറ്റാലിയനിലെ സൈനികർ വെടിവെച്ച് വീഴ്ത്തിയത്. ഡ്രോണിനോടൊപ്പം കടത്താൻ ശ്രമിച്ച വസ്തുക്കളും സൈനികർ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.

ഒക്ടോബർ 13നും 14നും ഇടയിൽ നടന്ന സമാനമായ സംഭവത്തിൽ പഞ്ചാബിലെ ഗുർദാസ്‌പൂർ സെക്ടറിൽ വെച്ച് മറ്റൊരു പാകിസ്ഥാനി ഡ്രോണും ബി എസ് എഫ് വെടിവെച്ചിട്ടിരുന്നു. ആളപായമില്ലാതെ ആയുധങ്ങളും ലഹരി വസ്തുക്കളും ഇന്ത്യൻ അതിർത്തി വഴി കടത്താൻ നുഴഞ്ഞു കയറ്റത്തിന്റെ ആധുനിക രൂപമായാണ് തീവ്രവാദികൾ ഡ്രോണുകളെ ഉപയോഗിച്ച് വരുന്നത്.