tharoor

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്ത് മുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. എ ഐ സി സിയിലും സംസ്ഥാന പിസി സി ആസ്ഥാനങ്ങളിലുമായി 68 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.


9,308 വോട്ടർമാരാണ് ഉള്ളത്. 200 വോട്ടർമാർക്ക് ഒരു ബൂത്ത്. വോട്ടെടുപ്പിനുശേഷം ബാലറ്റ്‌പെട്ടികൾ വിമാന മാർഗം ഡൽഹിയിലെത്തിക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖാർഗെ കർണാടകത്തിലും, ശശി തരൂർ കേരളത്തിലും വോട്ട് ചെയ്യും. 22 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.

ആര് ജയിച്ചാലും രണ്ടര പതിറ്റാണ്ടിനുശേഷം ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ അദ്ധ്യക്ഷ പദവിയിലേക്ക് എത്തും. അതേസമയം, ഗാന്ധി കുടുംബത്തിന്റെ പിന്തുണ ആർക്കെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

പ്രചാരണം ഇന്നലെ സമാപിച്ചിരുന്നു. ഖാർഗെ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും തരൂർ എത്ര വോട്ട് പിടിക്കുമെന്നതാണ് ഏറെ ശ്രദ്ധേയം. 300 വോട്ടിനപ്പുറം തരൂരിന് ലഭിക്കില്ലെന്നാണ് ഖാർഗെ പക്ഷത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ പാർട്ടിയിൽ മാറ്റത്തിനുവേണ്ടി നിലകൊള്ളുന്ന ചെറുപ്പക്കാരുടെ വോട്ടാണ് തരൂരിന്റെ പ്രതീക്ഷ.

കർണാടകയിലെ ബെല്ലാരി സംഗനകല്ലുവിലുള്ള ഭാരത് ജോഡോ യാത്രയുടെ ക്യാമ്പ് സൈറ്റിൽ രാഹുൽ ഗാന്ധിയും ഒപ്പമുള്ള 40ലേറെ ജാഥാംഗങ്ങളും വോട്ട് ചെയ്യും. സോണിയാ ഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്കാഗാന്ധി തുടങ്ങിയ നേതാക്കൾ എ ഐ സി സി ആസ്ഥാനത്തും വോട്ട് രേഖപ്പെടുത്തും.