
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് ചാലക്കുഴി ലൈനിലെ മകളുടെ വീട്ടിൽവച്ച് സി.അച്ചുതമേനോനെ കണ്ടിരുന്നു. സ്നേഹനിർഭരമായ ആ മന്ദഹാസം ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇതെഴുതുന്നയാൾ പത്രപ്രവർത്തന ജീവിതം ആരംഭിച്ച വേളയിലാണ് തൃശൂരിലെ വസതിയിൽ അച്ചുതമേനോനെ ആദ്യമായി നേരിൽക്കാണുന്നത്.' രാഷ്ട്രീയം ഇല്ലാതെ അച്ചുതമേനോൻ ' എന്ന സൺഡേ കവർ ഫീച്ചർ ചെയ്യാനായിരുന്നു അത്. രാഷ്ട്രീയ ചോദ്യങ്ങളില്ലാത്ത അഭിമുഖം കലാരസികനായ അച്ചുതമേനോന് വളരെ ഇഷ്ടമായി. അങ്ങനെയാണ് ആ വീട്ടിൽ ഇടയ്ക്കിടെ പോയിത്തുടങ്ങിയത്. അത്ര എളുപ്പമല്ലെങ്കിലും അദ്ദേഹത്തിന്റെ സഹധർമ്മിണി കല്യാണിക്കുട്ടിയമ്മയുടെ വാത്സല്യവും വൈകാതെ ലഭ്യമായി. ഇതിപ്പോൾ എഴുതാൻ കാരണം കേരളത്തിന്റെ വികസനത്തിൽ ഏറ്റവും നിർണായകമായ സംഭാവനകൾ നൽകിയിട്ടുള്ള സി.അച്ചുതമേനോന്റെ പ്രതിമ തിരുവനന്തപുരം നഗരത്തിൽ അദ്ദേഹം ജീവിതം സമർപ്പിച്ച പാർട്ടിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കാൻ പോകുന്നുവെന്ന വിവരമാണ്. അച്ചുതമേനോന്റെ പ്രതിമ സ്ഥാപിക്കാൻ സർക്കാർ സ്ഥലം അനുവദിച്ചുവെന്നും അമ്പതുലക്ഷം രൂപ ചെലവിൽ പ്രതിമ നിർമ്മിക്കുമെന്നുമാണ് വാർത്ത. വൈകിയെങ്കിലും വളരെ നല്ലൊരു കാര്യമാണ്. അച്ചുതമേനോന്റെ സംഭാവനകൾ ഓർക്കുന്ന ഒരു തലമുറ മാഞ്ഞുതുടങ്ങുമ്പോൾ പുതിയ തലമുറ അറിയണം നാടിന്റെ വികസനത്തിന് സുപ്രധാന സംഭാവനകൾ നൽകിയ ഒരു വ്യക്തി ഉയർന്നചിന്തയും ലളിതജീവിതവുമായി ഇവിടെ ജീവിച്ചിരുന്നുവെന്ന്. പ്രതിമയ്ക്കു സമീപം അച്ചുതമേനോന്റെ പ്രധാന സംഭാവനകൾകൂടി നിർബന്ധമായും ആലേഖനം ചെയ്യണം.
അതേസമയം ലളിതജീവിതം ഇഷ്ടപ്പെട്ട അച്ചുതമേനോന് അമ്പതുലക്ഷം രൂപ മുതൽമുടക്കി പ്രതിമ നിർമ്മിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചോദിച്ച് ചില വിമർശകരും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പും ശ്രീചിത്ര മെഡിക്കൽ സെന്ററും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും സി.ഡി.എസുമടക്കം അദ്ദേഹം സ്ഥാപിച്ച അനവധി സ്ഥാപനങ്ങൾ ഉള്ളപ്പോൾ മറ്റൊരു സ്മാരകം എന്തിനെന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെയല്ല അതിനെ കാണേണ്ടത്. സമൂഹത്തിന് നന്മ നൽകിയവരെ ഓർക്കുന്നതും ഒരു ജനാധിപത്യ സംസ്ക്കാരമാണ്. സഹജീവികളോടുള്ള സ്നേഹവും ലളിതമായ ജീവിതവും കൊണ്ട് കേരളത്തിന് മാതൃകകാട്ടിയ സി.അച്ചുതമേനോൻ വിടപറഞ്ഞിട്ട് മൂന്നു പതിറ്റാണ്ട് പിന്നിട്ടു. അദ്ദേഹത്തിന്റെ പാർട്ടിയല്ല സർക്കാർ തന്നെ മുൻകൈയെടുത്ത് തലസ്ഥാന നഗരിയിൽ ഒരു പ്രതിമ എന്നേ സ്ഥാപിക്കേണ്ടതായിരുന്നു. കേരളത്തിന്റെ വികസനചരിത്രത്തിൽ ഏറ്റവും വലിയ സംഭാവന നൽകിയ ഈ രാഷ്ട്രീയനേതാവിനെ തലമുറകൾ മനസിൽ ഇന്നും കൊണ്ടുനടക്കുന്നുണ്ട്.പക്ഷേ അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകം നിർമ്മിക്കുന്നതിൽ , കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുൻകൈയെടുക്കാൻ ഇത്രയും വൈകിയതെന്തെന്ന് ചിന്തിക്കുന്നവർ ഏറെയാണ്. പലവട്ടം ഭരണത്തിലിരുന്ന പാർട്ടിയാണല്ലോ സി.പി.ഐ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള കമ്മിറ്റിയുടെ ആദ്യ സെക്രട്ടറിയായിരുന്നിട്ടും അച്ചുതമേനോൻ അർഹിക്കുന്ന ആദരവും സ്മരണയും പാർട്ടി അദ്ദേഹത്തിന് എന്തുകൊണ്ട് നൽകിയില്ല.?
പലകാരണങ്ങളുമുണ്ട്. അതിലേക്ക് ഇപ്പോൾ കടക്കുന്നില്ല..1964 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുമ്പോഴും അച്ചുതമേനോനായിരുന്നു സെക്രട്ടറി. അപ്പോഴാണ് അദ്ദേഹത്തിന് കടുത്ത സമ്മർദ്ദത്താൽ ആദ്യ ഹൃദയാഘാതം ഉണ്ടായത്. ഒരുമിച്ചുനിന്ന സഖാക്കൾ പാർട്ടിയെ പിളർത്തുമെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല. 51-ാമത്തെ വയസിലായിരുന്നു അത്. പാർട്ടിയിലെ പിളർപ്പ് തന്നെ വല്ലാതെ നിരാശനാക്കിയതായി അച്ചുതമേനോൻ ഇതെഴുതുന്നയാളിനോട് പറഞ്ഞിട്ടുണ്ട്. .64-ാമത്തെ വയസിൽ സജീവരാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം പിന്തിരിഞ്ഞു. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ മാനവികതയ്ക്കും പരിസ്ഥിതിക്കും ഏറ്റവും വിലകൽപ്പിച്ചിരുന്ന നേതാവായിരുന്നു മേനോൻ. ആ പാരമ്പര്യത്തിന് പിന്തുടർച്ചയില്ലാതെ പോയത് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ച അപചയങ്ങളിൽ ഒന്നാണെന്ന് കരുതുന്നവരുണ്ട്. കേരളത്തിലെ വികസന അജൻഡയിൽ വ്യക്തമായ ആശയങ്ങൾ മുന്നോട്ടുവയ്ക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്ത അദ്ദേഹത്തെ മാറിമാറിവന്ന സർക്കാരുകൾ പരിഗണിച്ചോ? ഈ ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരമില്ല. 1969 മുതൽ 77 വരെ അച്ചുതമേനോൻ കേരള മുഖ്യമന്ത്രിയായിരുന്നു. രണ്ട് ടേം തുടർച്ചയായി ഭരിച്ച മുഖ്യമന്ത്രി. മുന്നണിയിലെ വലിയ ഘടകകക്ഷി കോൺഗ്രസായിരുന്നിട്ടും സി.പി.ഐയ്ക്ക് മുഖ്യമന്ത്രിസ്ഥാനം ലഭിച്ചത് അച്ചുതമേനോൻ എന്ന വ്യക്തിയുടെ വലിപ്പം കൊണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾക്ക് പ്രതിമ നിർമ്മിക്കുന്നതിൽ ഒരു തെറ്റും കാണേണ്ടതില്ല. ആ പ്രതിമ ഒരർത്ഥത്തിൽ ഒരോർമ്മപ്പെടുത്തൽ കൂടിയാണ്. ചില ജീവിതമാതൃകകൾ വരുംതലമുറയ്ക്കു പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധികൂടിയാണ്. ദയവുചെയ്ത് ഇതെങ്കിലും വിവാദമാക്കരുത്. ഈവേളയിൽ മറ്റൊരുകാര്യംകൂടി പറയാതിരിക്കാനാവില്ല. അച്ചുതമേനോൻ ഉയർത്തിയ രാഷ്ട്രീയ ചിന്തയെ പിന്തുടർന്ന നേതാവായിരുന്നു അടുപ്പമുള്ളവരെല്ലാം ആശാനെന്നു വിളിച്ച കെ.വി.സുരേന്ദ്രനാഥ്. പരിസ്ഥിതിവാദവും മാനവികമൂല്യങ്ങളും ഉയർത്തിപ്പിടിച്ച കെ.വി.സുരേന്ദ്രനാഥിനെ തിരുവനന്തപുരത്തിനു മറക്കാനാവുമോ? ഹിമവാന്റെ മടിത്തട്ടിലൂടെ നടന്ന ആശാൻ തലസ്ഥാനനഗരത്തിന്റെ ഹൃദയവികാരമായിരുന്നു. അദ്ദേഹം മരിച്ചിട്ട് പതിനെട്ട് വർഷമായി. വെള്ളയമ്പലത്ത് അദ്ദേഹത്തിന്റെ പേരിൽ രൂപീകരിച്ച ട്രസ്റ്റിന് നാലുസെന്റ് സ്ഥലവും അനുവദിച്ചിട്ടുണ്ട്. ആശാനും വേണം സമുചിതമായൊരു സ്മാരകം. പ്രതിഫലം ഇച്ഛിക്കാതെ രാഷ്ട്രീയപ്രവർത്തനം നടത്തിയവരെ ഓർക്കേണ്ടത് സമൂഹത്തിന്റെ കടമതന്നെയാണ്. അതിനും അദ്ദേഹത്തിന്റെ പാർട്ടി മുൻകൈയെടുക്കുമെന്നു പ്രതീക്ഷിക്കാം.
വാൽക്കഷണം: അച്ചുതമേനോന്റെ പേര് അച്ചുതമേനോൻ എന്നുതന്നെയാണ് എഴുതേണ്ടത്. അച്യുതമേനോനെന്നല്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതായി മകൻ ഡോ.വി.രാമൻകുട്ടി ഓർമ്മിപ്പിക്കുന്നു.