shafi

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലിയിൽ പ്രതികളുടെ ക്രൂരതകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കയാണ്. മുഖ്യപ്രതി ഷാഫി അടക്കമുള്ളവർക്ക് കുറ്റബോധമൊന്നുമില്ലെന്നാണ് വിവരം. കൊലപ്പെടുത്തിയ ശേഷം ഇരകളുടെ മാംസം പാകം ചെയ്ത് കഴിച്ചതായി ലൈല പൊലീസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കൊല്ലപ്പെട്ടവരുടെ മാംസം നീ പാകം ചെയ്ത് കഴിച്ചോ? എന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ച മറുപടിയാണ് ഷാഫി നൽകിയത്. കുറ്റബോധം ലവലേശം ഇല്ലാത്ത ചെറുചിരി മാത്രമായിരുന്നു ഇയാളുടെ മറുപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നരബലിയുടെ ആസൂത്രണമടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ രാവും പകലും അന്വേഷണ സംഘം ഷാഫിയെ ചോദ്യം ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇയാൾ മോർച്ചറിയിൽ സഹായിയായും ഇറച്ചിവെട്ടുകാരനായും ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയം മനുഷ്യ ശരീരം വെട്ടിമുറിക്കാൻ സഹായിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം.