
ഇലന്തൂർ: ഇരട്ടനരബലിയും അറസ്റ്റും തെളിവെടുപ്പുമായി ലോകമെങ്ങും അറിയപ്പെട്ട ഇലന്തൂരിലേക്ക് അസാധാരണമായ ജനപ്രവാഹം. ഞായറാഴ്ച പൊതുഅവധി ആയതിനാൽ പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്ന് നൂറുകണക്കിന് സന്ദർശകരെത്തി.
നരബലി ഭവന സന്ദർശനത്തിന് ഓട്ടോറിക്ഷ സർവീസുമായി യുവാവ്. 'നരബലി ഭവന സന്ദർശനം 50 രൂപ'. ഇലന്തൂർ ജംഗ്ഷനിലെ ഓട്ടോറിക്ഷയിലെ അറിയിപ്പാണിത്. ഓട്ടോയുടെ മുന്നിൽ പേപ്പറിലാണ് ഇങ്ങനെ എഴുതി ഒട്ടിച്ചിരിക്കുന്നത്. ഇലന്തൂരിലെ നരബലി നടന്ന ഭഗവൽ സിംഗിന്റെ വീട് കാണാൻ വിവിധ ജില്ലകളിൽ നിന്ന് ആളുകൾ ദിവസവും എത്തുന്നതായും അവരെ സ്ഥലത്ത് എത്തിക്കാൻ വേണ്ടിയാണ് ഇങ്ങനെ ബോർഡ് വെച്ചതെന്നുമാണ് ഡ്രൈവർ ഗിരീഷ് പറയുന്നത്. ഇന്നലെ ഉച്ചയോടെ 1200 രൂപയുടെ ഓട്ടം കിട്ടി. ഇലന്തൂരിൽ ബസിറങ്ങുന്ന ആളുകളാണ് ഓട്ടോ വിളിച്ച് സ്ഥലത്ത് എത്തുന്നത്.
നരബലി നടന്ന ഭഗവൽസിംഗിന്റെ വീട്, തിരുമ്മ് ചികിത്സാലയം, കാവ്, മൃതദേഹങ്ങൾ കുഴിച്ചിട്ട വീട്ടുപറമ്പ്, പരിസരങ്ങൾ തുടങ്ങിയവ അപസർപ്പക കഥയിലെ അവിശ്വസനീയ രംഗങ്ങൾ അരങ്ങേറിയ സ്ഥലങ്ങൾ പോലെ ആളുകൾ നടന്നുകണ്ടു. യുവാക്കൾ കുറ്റകൃത്യം നടന്ന വീടും പരിസരവും സെൽഫി പോയിന്റാക്കി മാറ്റി. ഫോട്ടോയെടത്തും വീട്ടിലും വിദേശത്തുമുള്ള ബന്ധുക്കളെ വീഡിയോ കാേളിലൂടെ കാണിച്ചും സ്ത്രീകളടക്കമുള്ളവർ മണിക്കൂറുകൾ ചെലവിട്ടു.
നാടിനെ നടുക്കിയ ഭീകരത അറിയിക്കാതെ വെളളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് കുട്ടികളുമായി വന്ന കുടുംബങ്ങളുമുണ്ടായിരുന്നു. ' അവിടെയാണ് ആ കുഴികൾ...' (സ്ത്രീകളുടെ ശരീരഭാഗങ്ങൾ മറവ് ചെയ്തയിടം) എന്ന് കൈചൂണ്ടി ഭാര്യയെ കാണിച്ചുകൊടുത്ത പിതാവിനോട് 'വെള്ളച്ചാട്ടം എവിടെ അച്ഛാ' എന്നു ചോദിച്ച് എട്ടു വയസുകാരി ആ ഭാഗത്തേക്ക് നോക്കി. ചങ്ങനാശേരിക്കാരായിരുന്നു ഈ കുടുംബം. കൊട്ടാരക്കര കുളക്കട സ്വദേശി എഴുപത്തഞ്ചുകാരനായ ഗോപാലൻ ഇലന്തൂർ ജംഗ്ഷനിൽ ബസിറങ്ങി ഏകദേശം മൂന്ന് കിലോമീറ്ററോളം നടന്നാണ് സംഭവസ്ഥലത്ത് എത്തിയത്.
ഓൺലൈൻ ചാനലുകാർക്ക് മാറിമാറി അഭിമുഖം നൽകി ഭഗവൽസിംഗിന്റെ അയൽവാസി ജോസ് തോമസ് വശംകെട്ടു. ഇദ്ദേഹത്തിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ തെളിവായത്. ജനത്തിരക്ക് വീട്ടിലെ അലങ്കാര രൂപങ്ങൾക്കും ചെടിച്ചട്ടികൾക്കും കേടുപാടുണ്ടാക്കിയെങ്കിലും പരിഭവങ്ങളില്ലാതെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ജോസ് തോമസ് മറുപടി നൽകുന്നുണ്ട്.