
ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മേയർ ആര്യ രാജേന്ദ്രൻ. 'തെക്കും വടക്കും ഒന്നാണ്' എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിലാണ് മേയർ ചിത്രം പോസ്റ്റ് ചെയ്‌തത്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരന്റെ തെക്ക് - വടക്ക് താരതമ്യം വിവാദമായതിന് പിന്നാലെയാണ് മേയറുടെ പോസ്റ്റ്.
ഒരു ഇംഗ്ളീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. വടക്കൻ കേരളത്തിൽ നിന്നുളള നേതാക്കൾ ധൈര്യമുളളവരും രാഷ്‌ട്രീയ ഭേദമന്യേ വിശ്വസിക്കാൻ കൊളളാവുന്നവരാണെന്നും, തെക്കൻ കേരളത്തിൽ നിന്നുളള നേതാക്കളെ വിശ്വസിക്കാൻ കൊളളാത്തവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഉദാഹരണമായി രാമായണ കഥയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്‌തു.
പരാമർശം വിവാദമായതിന് പിന്നാലെ സുധാകരൻ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു. പരാമർശം പിൻവലിച്ചതായും ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.