
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിന് ശേഷം നടക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം നാല് വരെയാണ്. തിരുവനന്തപുരം ഉൾപ്പെടെയുള്ള പിസിസി ആസ്ഥാനങ്ങളിലും ഡൽഹിയിലെ എഐസിസി ആസ്ഥാനത്തുമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
'ഈ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും നന്ദിയെന്നുമാണ് രാവിലെ പ്രിയങ്ക ഗാന്ധിയും മെസേജ് അയച്ചത്. ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. അതിന്റെ പ്രശ്നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. ജനം എന്റെ സന്ദേശം കേട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിൽ ഒരു ഇളക്കമുണ്ടാക്കാൻ ഈ തിരഞ്ഞെടുപ്പ് സഹായിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഗാന്ധി കുടുംബം ഈ തിരഞ്ഞെടുപ്പിൽ നിക്ഷ്പക്ഷമാണെന്നാണ് എന്നോടും അവരോട് നേരിട്ട് ചോദിച്ചവരോടും പറഞ്ഞത്. എന്നാൽ നേതൃത്വമെന്നാൽ ഗാന്ധി കുടുംബം മാത്രമല്ലെന്നത് വ്യക്തമാണ്. ചിലർ പ്രചാരണം നടത്തിയത് അങ്ങനെയല്ല. അതെനിക്കറിയാം. അതിന് തെളിവുമുണ്ട്. ആത്മാർത്ഥതയോടെയും മര്യാദയോടെയുമാണ് താൻ പ്രചാരണം പൂർത്തിയാക്കിയത്. ഇനി കോൺഗ്രസിന്റെ ഭാവി വോട്ട് ചെയ്യുന്ന പ്രവർത്തകരുടെ കയ്യിലാണ്. ട്രെയിനി പരാമർശത്തിന് മറുപടി പറയുന്നില്ല. പാർട്ടിക്ക് പുനർജീവൻ നൽകാനാണ് ഈ തിരഞ്ഞെടുപ്പ്. കോൺഗ്രസ് നന്നാകട്ടെ, അതിൽ എനിക്കുള്ള സ്‌ഥാനത്തെപ്പറ്റി ചിന്തിച്ചിട്ടില്ല.'- ശശി തരൂർ പറഞ്ഞു.
അതേസമയം, പി ചിദംബരം, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. 'രണ്ട് പേരും കോൺഗ്രസുകാരാണ്, രണ്ടുപേരും കഴിവുള്ളവരാണ്. മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യും', ജനാധിപത്യ രീതിയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം പദ്മജ വേണുഗോപാൽ പറഞ്ഞത്.
