train

പാലക്കാട്: ബുക്ക് ചെയ്‌ത ബർത്ത് ടിടിആർ അന്യസംസ്ഥാന തൊഴിലാളികൾക്ക് നൽകിയത് മൂലം യാത്രയിലുടനീളം ബുദ്ധിമുട്ട് നേരിട്ട ദമ്പതികൾക്ക് 95,000 രൂപ റെയിൽവെ നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ. പാലക്കാട് നിന്നും ചെന്നൈയിലേക്ക് 2017 സെപ്‌തംബർ ആറ് പുലർച്ചെ 12.20നുള‌ള തിരുവനന്തപുരം-ഹൗറ എക്‌സ്‌പ്രസിൽ വച്ചാണ് ദമ്പതികൾക്ക് മോശം അനുഭവം ഉണ്ടായത്.

കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ.നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് ശ്രീഹരിയിൽ ഡോ. സരിക എന്നിവർക്ക് യാത്രയ്‌ക്കായി റെയിൽവെ 69,70 നമ്പർ ബർത്തുകൾ അനുവദിച്ചു. എന്നാൽ ഇവിടെയെത്തിയപ്പോൾ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ സീറ്റിൽ എഴുതി നൽകിയ ടിക്കറ്റുമായി ഇരിക്കുന്നതാണ് കണ്ടത്. ടിക്കറ്റ് കാണിച്ച തൊഴിലാളികൾ മാറാനും തയ്യാറായില്ല. 69ാം നമ്പർ സീറ്റിൽ ചങ്ങല പൊട്ടിയതിനാൽ ഉപയോഗിക്കാനും കഴിയുമായിരുന്നില്ല.

ദമ്പതികൾ പാലക്കാട് സ്‌റ്റേഷനിൽ വിളിച്ചെങ്കിലും ടിടിആറിനെ സമീപിക്കാൻ മറുപടി കിട്ടി. എന്നാൽ യാത്രയിലുടനീളം ടിടിആർ വന്നതേയില്ല. തിരുപ്പൂർ, കോയമ്പത്തൂർ സ്‌റ്റേഷനിലെ ആർ.പി.എഫ് ഉദ്യോഗസ്ഥരുടെ സഹായത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

കൃത്യസമയത്ത് സേവനം നൽകാത്തതിന് 50,000 രൂപയും യാത്രക്കാർക്ക് മാനസികബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ 20,000 രൂപയും വ്യാപാര പിഴ 25,000 രൂപയും ചേർത്താണ് 95,000 രൂപ നഷ്‌ടപരിഹാരം ജില്ലാ ഉപഭോക്‌തൃ കമ്മിഷൻ അദ്ധ്യക്ഷൻ വി.വിനയ് മേനോൻ, അംഗങ്ങൾ എ.വിദ്യ, എൻ.കെ കൃഷ്‌ണൻകുട്ടി എന്നിവർ വിധിച്ചത്.

യാത്രയിൽ ഉടനീളം സീറ്റിൽ ഇരിക്കാനോ ഉറങ്ങാനോ കഴിയാതെ യാത്ര പൂർ‌ത്തിയാക്കേണ്ടി വന്നെന്ന് കാട്ടി ദമ്പതികൾ ദക്ഷിണ റെയിൽവെ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവെ മാനേജർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ജില്ലാ ഉപഭോക്‌തൃ കമ്മിഷനിൽ പരാതിപ്പെട്ടത്. ഈ പരാതിയിലാണ് കമ്മിഷൻ വിധിയുണ്ടായത്.