
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണം തീരശോഷണത്തിനടക്കം കാരണമാകുന്നെന്നതടക്കം വിവിധ പ്രശ്‌നങ്ങൾ ആരോപിച്ച് തലസ്ഥാനത്തെ തീരദേശവാസികൾ നടത്തുന്ന സമരത്തിൽ വലഞ്ഞ് ജനം. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ തലസ്ഥാന ജില്ലയിലെ തീരദേശ ഭാഗങ്ങളിലെ വിദ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണ്. ഉച്ചയ്‌ക്കുളള പരീക്ഷയ്‌ക്ക് പുറപ്പെട്ട വിദ്യാർത്ഥികൾ വിവിധയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. 11 മണിയോടെ പാളയത്ത് നിന്നും പ്രകടനം ആരംഭിച്ച സമരക്കാർ സെക്രട്ടേറിയറ്റ് നടയിൽ എംജി റോഡിലെ ഗതാഗതം തടസപ്പെടുത്തി.
ചാക്ക ഭാഗത്ത് മത്സ്യബന്ധന ബോട്ടുകൾ കയറ്റിയ വാഹനങ്ങളടക്കം റോഡിന് കുറുകെയിട്ട് വിമാനത്താവളത്തിലേക്കുളള യാത്രക്കാർക്കും മാർഗതടസമുണ്ടാക്കിയതായാണ് വിവരം. കൂടുതലും ഇതര ജില്ലക്കാരാണ് ഇത്തരത്തിൽ വിഷമിച്ചത്. പൊലീസ് വഴിതിരിച്ച് വിടുന്നത് കാരണം സമയത്തിനെത്താനാകാതെ പലരും യാത്ര വേണ്ടെന്നുവച്ച് തിരികെമടങ്ങേണ്ടി വന്നു.തുമ്പയിൽ വിഎസ്‌എസ്‌സിയിലേക്കുളള യാത്രയും തടസപ്പെട്ടിട്ടുണ്ട്.

സംഘർഷ സാദ്ധ്യതയുളളതിനാൽ വിഴിഞ്ഞത്തും മൂലൂരിലും കളക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കുന്ന ചാക്ക, തിരുവല്ലം തുടങ്ങി ഉച്ചക്കട, വിഴിഞ്ഞം, സ്‌റ്റേഷൻകടവ്, പൂവാർ ഇങ്ങനെ ആറിടങ്ങളിൽ ശക്തമായ ഉപരോധം തുടരുകയാണ്. സ്ത്രീകളടക്കം റോഡിൽ ഉപരോധം തീർക്കുന്നുണ്ട്. ഇതുമൂലം ബൈപാസ് വഴിയുളള യാത്രികർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. വൈകിട്ട് മൂന്ന് മണിവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
തുറമുഖത്തിന് മുന്നിലെ സമരപന്തൽ പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവടക്കമുള്ള പ്രതിസന്ധികൾ മുന്നിലുണ്ടങ്കിലും, സമരം ശക്തമായി തുടരുമെന്ന നിലപാടിലാണ് ലത്തീൻ അതിരൂപത. ബുധനാഴ്ച സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.