ബീഫ് വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇനി എത്രതന്നെ വ്യത്യസ്ത രുചികൾ പരീക്ഷിച്ചാലും പൊറോട്ട- ബീഫ് കോംബിനേഷന്റെ തട്ട് താണ് തന്നെയിരിക്കും. ബീഫ് വിഭവങ്ങൾ തന്നെ വ്യത്യസ്ത രുചിയിൽ ഉണ്ട്. അത്തരത്തിൽ ഒരു വ്യത്യസ്ത ബീഫ് വിഭവമാണ് ഇത്തവണത്തെ സോൾട്ട് ആന്റ് പെപ്പറിൽ തയ്യാറാക്കുന്നത്. മലബാർ സ്‌പെഷ്യൽ ബീഫ് കക്കം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കിയാലോ?
ചെറിയ കഷ്ണങ്ങളാക്കിയ ബീഫ്, സവാള ചെറുതായി അരിഞ്ഞത്, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക് പൊടി, ചിക്കൻ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, നെയ്യ് എന്നിവയാണ് മലബാർ സ്‌പെഷ്യൽ ബീഫ് കക്കം ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ.
സവാള അരിഞ്ഞതിൽ കുരുമുളക് പൊടി, ചിക്കൻ മസാല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ആവശ്യത്തിന് ചേർത്ത് വെളുത്തുള്ളി പേസ്റ്റ്, കുറച്ച് വെളുത്തുള്ളി അല്ലി, ഇഞ്ചി പേസ്റ്റ്, ബീഫ് കഷ്ണങ്ങളാക്കിയത്, പച്ചമുളക് കീറിയത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഇതിൽ ആവശ്യത്തിന് വെള്ളം ചേർത്ത് അടച്ചുവച്ച് വേവിക്കണം.
അടുത്തതായി പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ച് ചൂടാക്കണം. നെയ്യ് ചൂടായിക്കഴിയുമ്പോൾ നേരത്തെ വേവിച്ചുവച്ചിരിക്കുന്ന ബീഫ് കറി ഇതിലേയ്ക്ക് ചേർക്കാം. നെയ്യുമായി നന്നായി ഇളക്കി യോജിപ്പിച്ചശേഷം കുറച്ച് കുരുമുളക് പൊടി ചേർക്കണം. അവസാനമായി കുറച്ച് മല്ലിയിലയും കറിവേപ്പിലയും കൂടി ചേർത്തുകഴിഞ്ഞാൻ മലബാർ സ്‌പെഷ്യൽ ബീഫ് കക്കം തയ്യാർ.
