dogs

ഗാസിയാബാദ്: കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആക്രമിക്കുകയും ഉടമസ്ഥനെ വരെ ഉപദ്രവിക്കുകയും ചെയ്‌ത സംഭവമുണ്ടായതിന് പിന്നാലെ പിറ്റ്‌ബുള‌ളടക്കം നായ ഇനങ്ങൾക്ക് വിലക്ക്. ഗാസിയാബാദ് മുനിസിപ്പൽ കോർപറേഷനാണ് തങ്ങളുടെ പരിധിയിൽ മൂന്നിനം നായ്‌ക്കൾക്ക് നിരോധനം ഏർ‌പ്പെടുത്തിയത്. പിറ്റ്‌ബുൾ, റോട്ട്‌വീലർ, ഡോഗോ അർജന്റീനോ എന്നീ ബ്രീഡുകളിൽ പെട്ട നായ്‌ക്കൾക്കാണ് പൂർണ നിരോധനം. മാത്രമല്ല മുനിസിപ്പൽ പരിധിയിലെ വീടുകളിൽ ഒരു നായയെ മാത്രമേ വളർത്താൻ കഴിയൂവെന്നും സർക്കുലറിലൂടെ നഗരസഭ ആവശ്യപ്പെടുന്നു.

നായ്‌ക്കളെ വളർത്തുന്നതിന് മാർഗനിർദേശങ്ങളും നഗരസഭ പുറത്തിറക്കി. നായ്‌ക്കൾക്ക് നവംബർ ഒന്നുമുതൽ ലൈസൻസ് എടുക്കണം. രണ്ട് മാസത്തിനകം ഇത് പൂർത്തിയാക്കണം. ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്ന വീട്ടുകാർ അവരുടെ നായ്‌ക്കളെ പുറത്തിറക്കാൻ സർവീസ് ലിഫ്‌റ്റുകൾ ഉപയോഗിക്കണം. ഇത്തരം റെസിഡൻഷ്യൽ ഏരിയാകളിൽ നായ്‌ക്കൾ താമസക്കാരെ കടിക്കുന്ന സംഭവം കൂടിവരുന്നതിനാലാണിത്. നായ്‌ക്കളെ പൊതുസ്ഥലത്ത് കൊണ്ടുപോകുമ്പോൾ മുഖാവരണം ധരിപ്പിക്കണം.

നിരോധിച്ച ഇനത്തിൽ പെട്ട ഇനങ്ങളെ ഇപ്പോൾ വളർത്തുന്നവർ അവയെ രണ്ട് മാസത്തിനകം വന്ധ്യംകരിക്കണം.ആറ് മാസത്തിൽ ചെറുതാണ് നായയെങ്കിൽ നായക്കുട്ടിയ്‌ക്ക് ഒരുവയസാകുമ്പോൾ വന്ധ്യംകരിക്കുമെന്ന് ഉറപ്പ് നൽകണം. പത്തിലധികം കുട്ടികൾക്കാണ് ഈ നിരോധിക്കപ്പെട്ട ഇനത്തിൽ പെട്ട നായ്‌ക്കളിൽ നിന്നും കടിയേറ്റത്. പിറ്റ്‌ബുള‌ളിന്റെ ആക്രമണത്തിൽ ഒരു കുട്ടിയ്‌ക്ക് മുഖത്ത് 150 സ്‌റ്റിച്ച് ഇടേണ്ടിവന്നു. കാൺപൂർ, പഞ്ച്ഗുള എന്നീ മുനിസിപ്പൽ കോർപറേഷനുകൾ പിറ്റ്‌ബുൾ, റോട്ട്‌വീലർ എന്നീ ഇനങ്ങളെ മുൻപ് നിരോധിച്ചിരുന്നു.