
പൊതുവെ പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും കൂടുതൽ ഇഷ്‌ടം എന്ന് പറയാറുണ്ട്. അവരുടെ ആദ്യ ഹീറോയും അച്ഛനായിരിക്കും. അത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ആച്ഛന്റെയും മകളുടെയും ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പിതാവിന് ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിൽ ജോലി കിട്ടിയതറിഞ്ഞപ്പോഴുള്ള മകളുടെ സന്തോഷമാണ് വീഡിയോയിലുള്ളത്. സ്‌കൂൾ യൂണിഫോമിലുള്ള പെൺകുട്ടി തന്റെ കൈകൾ കൊണ്ട് കണ്ണടച്ചിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് തന്റെ യൂണിഫോമുമായി മകളുടെ മുന്നിലെത്തിയ ശേഷം, കണ്ണുകൾ തുറക്കാൻ മകളോട് ആവശ്യപ്പെടുകയാണ് പിതാവ്.
യൂണിഫോം കണ്ടപ്പോൾ സന്തോഷത്തോടെ തുള്ളിച്ചാടുകയാണ് പെൺകുട്ടി. തുടർന്ന് പിതാവിനെ സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിലുള്ളത്. പൂജ അവന്തിക എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.