
തിരുവനന്തപുരം: ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചുകാണിച്ചാൽ മന്ത്രിമാരെ നീക്കുന്നതടക്കം നടപടിയെടുക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ ശക്തമായ മറുപടിയുമായി സിപിഎം പിബി. ഇത്തരം ഏകാധിപത്യ അധികാരങ്ങളൊന്നും ഗവർണർക്ക് ഭരണഘടന നൽകിയിട്ടില്ലെന്ന് പോളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിലൂടെ ഓർമ്മിപ്പിച്ചു. പ്രസ്‌താവന നടത്തിയതിലൂടെ ഗവർണർ തന്റെ രാഷ്‌ട്രീയ പക്ഷപാതിത്വവും എൽഡിഎഫിനോടുളള വൈരാഗ്യവും വെളിപ്പെടുത്തി. ഗവർണറുടെ പരാമർശം രാഷ്‌ട്രപതി വിലക്കണമെന്നും ഇത്തരം പ്രസ്‌താവനകൾ ഇനി ഗവർണറിൽ നിന്നും ഉണ്ടാവില്ലെന്നത് ഉറപ്പുവരുത്തണമെന്നും പിബി ആവശ്യപ്പെട്ടു.
അതേസമയം തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനംറദ്ദാക്കുമെന്ന ഗവർണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ച് അജ്ഞതയാലുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുറന്നടിച്ചു. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ് മന്ത്രിമാരെ നിയമിക്കാനും നീക്കാനുമാകുക.സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടു എന്നത് ഗവർണർ ഓർക്കാത്തത് അത്ഭുതകരമാണെന്നും എം.വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. ജനാധിപത്യത്തിന് കളങ്കം ചാർത്താനുളള ഇത്തരം ശ്രമങ്ങളിൽ നിന്ന് ഗവർണർ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
എം വി ഗോവിന്ദന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനം റദ്ദാക്കുമെന്ന ഗവർണ്ണറുടെ ഭീഷണി ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ചുമുള്ള അജ്ഞതയാണ്. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമില്ല. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ് മന്ത്രിമാരെ നിയമിക്കാനും നീക്കാനും കഴിയുക. ഗവർണറുടെ പിആർഒ സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ കേരള രാജ്ഭവൻ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തന്നെ വെല്ലുവിളിക്കുകയാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടു എന്നത് കേരളത്തിലെ ഗവർണർ ഓർമിക്കുന്നില്ല എന്നത് അത്ഭുതകരമാണ്. അദ്ദേഹത്തിന്റെ ഒടുവിലത്തെ ഇടപെടൽ ജനങ്ങൾക്കും ജനാധിപത്യ സംവിധാനത്തിനും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും നേരെയുള്ള കടന്നാക്രമണമായി മാത്രമേ കാണാനാകൂ.
ഭരണഘടനയുടെ മർമ്മത്താണ് ഗവർണർ കുത്തിയിരിക്കുന്നത്. ജനാധിപത്യത്തിന് കളങ്കം ചാർത്തുന്ന ഇത്തരം ശ്രമങ്ങളിൽ നിന്ന് അദ്ദേഹം പിന്മാറണം. ഭരണഘടനയുടെ അനുച്ഛേദം 163,164 എന്നിവയും സുപ്രീംകോടതി വിധികളും വായിച്ച് നിലപാട് സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചു വെക്കുകയും സർവ്വകലാശാലകളിൽ അനാവശ്യ കൈകടത്തലുകൾ നടത്തുകയും ചെയ്യുന്നതാണോ ഭരണഘടനയുടെ അന്തസ്സ് എന്നത് ഗവർണ്ണർ തന്നെ വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ജനങ്ങൾ തെരഞ്ഞെടുത്തവരാണ് മന്ത്രിമാർ എന്നും ജനങ്ങളോടാണ്, അല്ലാതെ കൊളോണിയൽ കാലത്തിന്റെ അവശിഷ്ടങ്ങളായ പദവികളോടല്ല ജനാധിപത്യ വ്യവസ്ഥയിൽ മന്ത്രിമാർക്ക് ഉത്തരവാദിത്തമെന്നും ഒരിക്കൽക്കൂടി അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്നു. അടിയന്തിരമായും പുറപ്പെടുവിച്ച ട്വീറ്റ് പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി