
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ വീടുവിട്ട് ഓടിപ്പോയ യുവതിയ്ക്ക് താലിബാൻ വിധിച്ചത് ക്രൂരശിക്ഷ. പിന്നാലെ ശിക്ഷയേറ്റുവാങ്ങാൻ നിൽക്കാതെ യുവതി ആത്മഹത്യ ചെയ്തു. അഫ്‌ഗാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ ശിക്ഷിക്കാൻ താലിബാൻ ഉത്തരവിട്ടത്. എന്നാൽ ഉത്തരവ് നടപ്പാക്കുന്നതിന് മുൻപ് തന്നെ യുവതി ജീവനൊടുക്കിയതായി ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.
വിവാഹിതനായ പുരുഷനൊപ്പം വീടുവിട്ട് ഒളിച്ചോടിയ സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലാനാണ് താലിബാൻ വിധിച്ചത്. യുവതിയോടൊപ്പം ഒളിച്ചോടിയ യുവാവിനെ ഒക്‌ടോബർ 13ന് താലിബാൻ വധിച്ചിരുന്നു. സ്ത്രീകൾക്കുള്ള ജയിൽ ഇല്ലാത്തതിനാലാണ് യുവതിയെ കല്ലെറിഞ്ഞുകൊല്ലാൻ തീരുമാനിച്ചതെന്ന് പ്രവിശ്യയിലെ പൊലീസ് മേധാവിയായ അബ്ദുൾ റഹ്മാൻ പറഞ്ഞു. എന്നാൽ ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് തന്നെ യുവതി ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ജീവനൊടുക്കിയതായി താലിബാൻ പറയുന്നു.
അടുത്തിടെയായി താലിബാനിൽ വീടുവിട്ട് ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത്തരത്തിൽ ഓടിപ്പോകുന്നവരെ കല്ലെറിഞ്ഞുകൊല്ലുകയോ ചാട്ടവാറുകൊണ്ടടിക്കുകയോ ആണ് താലിബാന്റെ പതിവ്. താലിബാൻ രണ്ടാമതും അധികാരത്തിൽ വന്നതിന് പിന്നാലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസ മേഖലയിലും, തൊഴിലിടങ്ങളിലും വിലക്കേർപ്പെടുത്തി. ആറാം ക്ളാസിനുള്ള മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ്. അനേകം സ്ത്രീകൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. അഫ്‌ഗാനിലെ ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക അവകാശങ്ങൾ എന്നിവയ്ക്കായി പോരാടുന്നത്.