
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി. സംസ്ഥാന സർക്കാരും തിരുവനന്തപുരം എയർപോർട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയനുമാണ് ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. മുതിർന്ന അഭിഭാഷകൻ സി യു സിംഗ്, സ്റ്റാൻഡിംഗ് കോൺസൽ സി കെ ശശി എന്നിവരാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്. തൊഴിലാളി സംഘടനയ്ക്കായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ, രഞ്ജിത്ത് മാരാർ എന്നിവരും ഹാജരായി. അദാനി ഗ്രൂപ്പിന് വിമാനത്താവളം കൈമാറ്റം ചെയ്ത നടപടി ചോദ്യം ചെയ്ത് സർക്കാർ 2020 ഒക്‌ടോബറിൽ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അതേവർഷം നവംബറിൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.
കഴിഞ്ഞവർഷം കൈമാറ്റം നടന്ന സാഹചര്യത്തിൽ നിലവിൽ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ചീഫ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജികൾ തള്ളിക്കൊണ്ട് വ്യക്തമാക്കി. കൈമാറ്റ ലേലത്തിൽ സർക്കാർ പങ്കാളിയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം തത്‌കാലം തീർപ്പാക്കുന്നില്ലെന്ന് കോടതി അറിയിച്ചു. വിമാനത്താവളത്തിന്റെ ഭൂമിയുടെ അവകാശം സംസ്ഥാന സർക്കാരിനാണെന്നും സർക്കാരിന്റെ അവകാശം നിലനിൽക്കേയാണ് കൈമാറ്റം നടന്നതെന്നും സി യു സിംഗ് വാദിച്ചു. എന്നാൽ നടപടിക്രമങ്ങൾ പാലിച്ചാണ് കൈമാറ്റം നടന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം. കേന്ദ്രത്തിനായി എ എസ് ജി കെ നടരാജനാണ് ഹാജരായത്.