thomasisaac

ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിച്ചാൽ മന്ത്രിമാർക്കെതിരെ കടുത്ത നടപടിയുണ്ടാകമെന്ന ഗവർണറുടെ ട്വീറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ടി.എം തോമസ് ഐസക്ക്. ഗവർണറുടെ ഇത്തരം നടപടിയ്‌ക്ക് കാരണം രാജ്‌ഭവനിൽ അദ്ദേഹം ആർഎസ്‌എസിന്റെ വൈറ്റ് റൂം ടോർച്ചറിംഗിന് വിധേയനകുകയാണോ എന്ന സംശയം തനിക്ക് തോന്നിയതായി തോമസ് ഐസക് കുറിക്കുന്നു.

മന്ത്രിയെ പുറത്താക്കാൻ തനിക്ക് അധികാരമുണ്ടെന്ന് സ്വബോധമുള‌ള ഒരു ഗവർണറും ഭീഷണി മുഴക്കില്ലെന്ന് പറഞ്ഞ തോമസ് ഐസക്ക് ആർഎസ്എസ് മേധാവിയുടെ പ്രീതി നഷ്‌ടപ്പെട്ടാൽ ഗവർണറുടെ ജോലി തെറിക്കുമായിരിക്കുമെന്നും അതിന്റെ ഭീതി ഗവർണറെ അലട്ടുന്നതായും പരിഹസിച്ചു. ഗവർണർക്ക് അതുപോലെ തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രി സ്ഥാനമെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.
പ്രീതി പിൻവലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ആർഎസ്എസ് മേധാവിയുടെ പ്രീതി നഷ്ടപ്പെട്ടാൽ ഗവർണറുടെ ജോലി തെറിക്കുമായിരിക്കും. ആ ഭീതി ആരിഫ് മുഹമ്മദ് ഖാനെ അലട്ടുന്നുണ്ടാകും. പക്ഷേ, അതുപോലെ ഗവർണർക്കു തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനം. ജനാധിപത്യസംവിധാനത്തിൽ താങ്കളുടെ പ്രീതിയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് വിനയത്തോടെ അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ.
പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാൽ ജോലിയിലും പദവിയിലും നിന്നു പുറത്താക്കാൻ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം .
ബ്രിട്ടണിൽ രാജാവ് സേവകനെ പുറത്താക്കിയാൽ ചോദ്യം ചെയ്യാനോ കോടതിയിൽ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കൽപം നമ്മുടെ ഭരണഘടനയിൽ ബ്രിട്ടണെ അതേപോലെ പകർത്തി വെയ്ക്കുകയല്ല ചെയ്തത്.
ഇവിടെ പ്രസിഡന്റിന്റിനും ഗവർണർക്കും തിരുവുള്ളക്കേടുണ്ടായാൽ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം.
അക്കാര്യം ഭരണഘടന നിഷ്‌കർഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവിൽ ബി പി സിംഗാൾ കേസിൽ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്.
ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓർമ്മിപ്പിക്കുന്നു.